മുന്പേ പറന്ന പിലിക്കോട്‌

ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം

ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം

avatar
പി മഷൂദ്

Published on Sep 26, 2025, 02:00 AM | 2 min read

പിലിക്കോട്

ലോകത്തിന്‌ മുന്പിലേക്ക്‌ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും പങ്കാളിത്ത വികസനത്തിനെയും സമ്മോഹന മാതൃകകൾ അവതരിപ്പിച്ച ദേശമാണ്‌ പിലിക്കോട്‌. വികേന്ദ്രീകൃതാസൂത്രണമെന്ന ആശയത്തെ കരുത്തോടെ നയിച്ച നാട്‌. ഫിലമെന്റ്‌ രഹിതഗ്രാമമെന്ന കടുപ്പമേറിയ ലക്ഷ്യത്തെ സംസ്ഥാനത്ത്‌ ആദ്യമായി കയ്യെത്തിപ്പിടിച്ചത്‌ പിലിക്കോടാണ്‌. എല്ലാ വീടുകൾക്കും ശുചിമുറി ഒരുക്കി 1995ൽ രാജ്യത്തെ ആദ്യ നിർമൽ ഗ്രാമമായതും ഇ‍ൗ നാട്‌. മാതൃകാ പ്രവർത്തനങ്ങൾ പിന്തുടരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആദ്യത്തെ സ്വരാജ്‌ ട്രോഫി ഏറ്റുവാങ്ങിയതും പിലിക്കോടായിരുന്നു. നിർമലം, സുന്ദരം... ശുചിത്വവഴി കഴിഞ്ഞകാല മികവിനെ എക്കാലവും അഭിനിവേശത്തോടെ പിന്തുടരുന്നുണ്ട്‌ ഇ‍ൗനാട്‌. ആരോഗ്യമേഖലയെ മികവുറ്റതാക്കിയാണ്‌ പിലിക്കോടിന്റെ ഇപ്പോഴത്തെ കുതിപ്പ്‌. 1996ൽ സമ്പൂർണ ശുചിത്വ പരിപാടി നടപ്പാക്കി രാജ്യത്തെ ആദ്യ നിർമൽ പുരസ്കാരം നേടിയ പിലിക്കോട് പൊതുജനാരോഗ്യമേഖലയിലെ കേരള മോഡലാവുകയാണ്‌. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് കാസർകോട് വികസന പാക്കേജിന്റെ സഹായത്തോടെ 1. 60 കോടി രൂപ ചെലവഴിച്ച്‌ പുതിയ കെട്ടിടം നിർമ്മിച്ചു. ഹെൽത്ത് ഗ്രാന്റിൽ 50 ലക്ഷത്തിന്റെ മറ്റൊരു കെട്ടിടം നിർമാണത്തിലാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവും പടിപടിയായി മെച്ചപ്പെടുത്തി. ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബും എംഎൽഎ ഫണ്ടിൽ നിന്നും ആംബുലൻസും ഒരുക്കി. ​ ഓലാട്ട്‌ ആശുപത്രി: 
മികച്ച ഹരിത സ്ഥാപനം ജില്ലയിലെ മികച്ച ഹരിത സ്ഥാപനമായി ഓലാട്ട് ആശുപത്രിയെ തെരഞ്ഞെടുത്തു. ഫിസിയോ തെറാപ്പി സെന്ററിൽ ആഴ്ചയിൽ ആറുദിവസം സൗജന്യ സേവനവും ഭിന്നശേഷിക്കാർക്ക് വീടുകളിൽ ഫിസിയോതെറാപ്പി സംവിധാനം ഉറപ്പാക്കി. ജനകീയ പാലിയേറ്റീവ് സംവിധാനത്തിലുടെ സഹായ ഉപകരണങ്ങൾ, ഹോം കെയർ എന്നിവ ആരംഭിച്ചു. ഗവ ആയുർവേദ ഡിസ്പെൻസറിക്ക് 40 സെന്റ് റവന്യ ഭൂമി ലഭ്യമാക്കി എംഎൽഎ ഫണ്ടിൽ നിന്ന്‌ കെട്ടിടം നിർമിച്ചു. പുതിയ ഫാർമസിയും ആരംഭിച്ചു. മാണിയാട്ട് ആയുർവേദ സബ് സെന്ററും പ്രവർത്തിക്കുന്നു.പിലിക്കോട് വയൽ പെരിഫറൽ ഒപിയിൽ ആഴ്ചയിൽ ഒരുദിവസം ഡോക്ടറുടെ സേവനം ലഭ്യമാക്കി. 16 വാർഡുകളിലായി 92 വയോജന അയൽക്കൂട്ടങ്ങളുുമുണ്ട്‌. ​ മാറ്റത്തിന്റെ പകിട്ടിൽ മാറിയ കാലത്തെ, മാറിയ ജനജീവിതത്തെ തൊടുന്ന ധാരാളം സംരംഭങ്ങൾ പിലിക്കോട്‌ കാണാം. ജനതയുടെ ആരോഗ്യവും സന്തോഷത്തോടെയുള്ള ജീവിതവും ഉറപ്പാക്കുന്ന വികസനത്തിന്റെ അടയാളങ്ങളാണത്‌. കാലിക്കടവിലെ വനിതാ ജിംനേഷ്യം, കുട്ടികളുടെ പാർക്ക്, വെള്ളച്ചാലിലെ വയോജന പാർക്ക്, വറക്കോട്ട് വയലിലെ പകൽവിശ്രമ കേന്ദ്രം,കാലിക്കടവിൽ ജൈവവൈവിധ്യ ഉദ്യാനം എന്നിവ ഇ‍ൗ‍ ചിന്തയുടെ ഉദാഹരണങ്ങൾ. 1139 പുതിയ തെരുവുവിളക്കുകളും പാടിക്കീൽ പാടശേഖരത്തിലെ ട്രാക്ടർ വേയും കാലിക്കടവ് ഓപ്പൺ ജിം,‍ ഹാപ്പിനസ് പാർക്കുകൾ എന്നിവയും ഇ‍ൗ പട്ടികയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home