ഫോട്ടോയേക്കാൾ മികവ്‌ 
അനുശ്രീ വരച്ച ചിത്രങ്ങൾക്ക്‌

അനുശ്രീ ചിത്രരചനയിൽ

അനുശ്രീ ചിത്രരചനയിൽ

avatar
ടി കെ പ്രഭാകരകുമാര്‍

Published on Apr 18, 2025, 02:30 AM | 1 min read

പെരിയ

നിങ്ങളൊന്ന്‌ നിന്ന്‌ കൊടുത്താൽ മതി. നിങ്ങളെ അതേപടി പകർത്തും ഈ കൊച്ചു കലാകാരി. പെൻസിൽ തുമ്പുകൊണ്ട് അതിശയിപ്പിക്കുന്ന വരകളാണ്‌ വേലാശ്വരം ​ഗവ. യുപി സ്കൂൾ ഏഴാംതരം വിദ്യാർഥിനിയായചാലിങ്കാലിലെ കെ അനുശ്രീ വരക്കുന്നത്‌. കാണുന്നതെല്ലാം അതേപടി പകർത്താനുള്ള ശേഷിയാണ്‌ അനുശ്രീയുടെ ചിത്രങ്ങളെ വേറിട്ടതാക്കുന്നത്‌. ഒപ്പം ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളു മനോഹരമായി വരയും. ഓട്ടോഡ്രൈവറായ ചാലിങ്കാൽ ‘കിരാടത്തി’ൽ കെ സുരേന്ദ്രന്റെയും ഇ വിനീതയുടെയും മകളായ ഈ കൊച്ചുകലാകാരി ഇതിനകം സർ​ഗശേഷി തെളിയിക്കുന്ന നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു. പെൻസിൽ ഡ്രോയിങിലും ഫ്രാബ്രിക് പെയിന്റിങിലും പ്രാവീണ്യമുള്ള അനുശ്രീ ആരുടെ ഫോട്ടോ ലഭിച്ചാലും ഫോട്ടോയേക്കാൾ ഭം​ഗിയുള്ള കളർചിത്രം വരക്കും. മഹാത്മാ​ഗാന്ധി, നെഹ്റു, വൈക്കം മുഹമ്മദ് ബഷീർ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, കലാഭവൻ മണി, ജയറാം തുടങ്ങി നിരവധി പ്രമുഖരുടെ ഫോട്ടോകൾ നോക്കി അതേ മുഖഛായയിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചു. ജയറാമിന്റെ ചിത്രം അനുശ്രീയുടെ കൂട്ടുകാരിയുടെ കുടുംബം മുഖേന നടന്റെ കൈയിലെത്തി. അഭിനന്ദനം അറിയിച്ച്‌ ജയറാം ശബ്ദസന്ദേശവുമയച്ചു. ശ്രീകൃഷ്ണന്റെയും ​ഗണപതിയുടെയും പരമശിവന്റെയും വിവിധ തെയ്യക്കോലങ്ങളുടെയും ചിത്രങ്ങളും വരക്കും. 2023 ആ​ഗസ്ത് 26ൽ കോഴിക്കോട്ട് നടന്ന ഓണം കൈത്തറി എക്സ്പോയുടെ ഭാ​ഗമായി നടന്ന സംസ്ഥാനചിത്രരചനാമത്സരത്തിൽ മൂന്നംസ്ഥാനം നേടി. കഴിഞ്ഞ ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ചിത്രരചനയിൽ വിജയി. രാജേന്ദ്രൻപുല്ലൂരിന്റെ ശിക്ഷണത്തിൽ പുല്ലൂർ ദർപ്പണം കലാകേന്ദ്രത്തിലാണ് ചിത്രചന പഠിക്കുന്നത്. അനുജൻ ആരുഷ് ചാലിങ്കാൽ ​ഗവ. സ്കൂളിൽ യുകെജി വിദ്യാർഥിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home