പന്തമാക്കലിന്റെ രാജി
ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Nov 26, 2025, 02:15 AM | 2 min read
ചിറ്റാരിക്കാൽ
ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിന്റെ രാജിയോടെ ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയിൽ. കോൺഗ്രസിലെ അഴിമതിയും നാടിന്റെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടി 12 വർഷം മുന്പ് കോൺഗ്രസ് വിട്ട് ഡിഡിഎഫ് രൂപീകരിച്ച ജെയിംസ് രണ്ട് തവണ ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തിരുന്നു. കോൺഗ്രസിനെ വിറപ്പിച്ച ജെയിംസ് രണ്ട് വർഷം മുമ്പാണ് കെ സുധാകരന്റെ സാന്നിധ്യത്തിൽ കോൺഗ്രസിൽ തിരിച്ചെത്തിയത്. എന്നാൽ ഈസ്റ്റ് എളേരിയിലെ കോൺഗ്രസ് നേതൃത്വം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇരുവിഭാഗവും ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ ജെയിംസിനെ ഡിസിസി വൈസ് പ്രസിഡന്റാക്കി. ഇതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയത്. താൻ നിർദേശിക്കുന്ന ഏഴ് പേർക്ക് കൈപ്പത്തി ചിഹ്നം നൽകുന്നതോടൊപ്പം നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിക്ക് സീറ്റ് നൽകരുതെന്നും ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ഇത് ഉറപ്പ് നൽകിയ നേതൃത്വത്തെ വിശ്വസിച്ച് തെരഞ്ഞെടുപ്പിൽ ഈസ്റ്റ് എളേരിയിൽ വിമത സ്ഥാനാർഥികൾ ഉണ്ടാകില്ലെന്ന് പരസ്യ പ്രസ്‌താവനയും നടത്തി. എന്നാൽ അവസാന നിമിഷം നേതൃത്വം വാക്കുമാറി. ജെയിംസ് നിർദേശിച്ച ഒരു സ്ഥാനാർഥിക്ക് മാത്രമാണ് കൈപ്പത്തി അനുവദിച്ചത്. അവിടെ വിമത സ്ഥാനാർഥിയും വന്നു. മാത്രമല്ല ജോസഫ് മുത്തോലിയെ കൈപ്പത്തി ചിഹ്നത്തിൽ ജെയിസിന്റെ വാർഡിൽ മത്സരിപ്പിക്കുകയുംചെയ്തു. ഇതോടെ ജെയിംസ് അപമാനിതനായി. ഇതാണ് ഒടുവിൽ രാജിയിൽ കലാശിച്ചത്. നിലവിൽ ഇരുഭാഗത്തുമായി ഏഴ് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഒന്നാം വാർഡ് മണ്ഡപത്ത് മത്സരിക്കുന്ന ജെയ്സൺ തെന്നിപ്ലാക്കൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും കോൺഗ്രസ് ഭരിക്കുന്ന ഈസ്റ്റ് എളേരി സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. മൂന്നാം വാർഡ് ചിറ്റാരിക്കാൽ സൗത്തിൽ മത്സരിക്കുന്ന ജെസ്സി ടോം മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻ മിൽമ ഡയറക്ടറുമാണ്. ഏഴാം വാർഡ് ചാവറഗിരിയിൽ മത്സരിക്കുന്ന ജോൺ തോമസ് പേണ്ടാനത്ത് മുൻ പഞ്ചായത്ത് അംഗമാണ്. വാർഡ് ഒന്പത് പാലാവയലിൽ മത്സരിക്കുന്ന അഡ്വ. മാത്യു സെബാസ്റ്റ്യൻ നായിക്കാംപറമ്പിൽ മുൻ പഞ്ചായത്ത് അംഗവും നിലവിൽ കോൺഗ്രസ് ഭരിക്കുന്ന ജില്ലാ സഹകരണ റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. വാർഡ് 14 വെള്ളരിക്കുണ്ടിൽ മത്സരിക്കുന്ന ത്രേസ്യാമ്മ ടോമിയും മുൻ പഞ്ചായത്ത് അംഗമാണ്. ഇങ്ങനെ പ്രമുഖരാണ് വിമതരായി രംഗത്തുള്ളത്.








0 comments