print edition തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ ; തുടക്കമാകുന്നത് സമരപരമ്പരയ്‌ക്ക്

എം പ്രശാന്ത്
Published on Nov 26, 2025, 03:29 AM | 1 min read
ന്യൂഡൽഹി
ട്രേഡ്‌യൂണിയനുകളും കർഷകസംഘടനകളും ബുധനാഴ്‌ച തുടക്കം കുറിക്കുന്നത് മോദി സർക്കാരിന്റെ തൊഴിലാളി–കർഷകദ്രോഹ നിലപാടുകൾക്കെതിരായ ദീർഘ സമരത്തിന്.
ബിഹാർ തെരഞ്ഞെടുപ്പ് വിജയ ലഹരിയിലാണ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നാല് തൊഴിൽ കോഡുകൾ ഏകപക്ഷീയമായി പ്രാബല്യത്തിലാക്കിയത്.
കാർഷിക നിയമങ്ങൾക്കെതിരായി കർഷക സംഘടനകൾ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ ഒറ്റക്കെട്ടായി നടത്തിയ ഐതിഹാസിക കർഷകസമരത്തിന്റെ അഞ്ചാം വാർഷികം മുൻനിർത്തി ബുധനാഴ്‌ച രാജ്യവ്യാപക പ്രക്ഷോഭം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ കുറഞ്ഞ താങ്ങുവില നിയമാനുസൃതമാക്കും എന്നതടക്കം സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബില്ലിൽനിന്ന് പിൻവാങ്ങുക, വിത്തുബിൽ അസാധുവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകസംഘടനകളും ട്രേഡ് യൂണിയനുകളും മുന്നോട്ടുവച്ചിരുന്നത്. എന്നാൽ തൊഴിലാളികളുടെയും കർഷകരുടെയും ആവശ്യങ്ങൾ നിരാകരിച്ച സർക്കാർ ഏകപക്ഷീയമായി തൊഴിൽ കോഡുകളും നടപ്പാക്കി.
കോർപ്പറേറ്റുകളുടെ താൽപ്പര്യം മാത്രം മുൻനിർത്തിയുള്ള സർക്കാർനടപടി രാജ്യത്തെ തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ വലിയ രോഷമാണുയർത്തിയത്.
ബുധനാഴ്‌ചത്തെ പ്രക്ഷോഭത്തെ ദീർഘ സമരപരമ്പരയുടെ നാന്ദിയായാണ് തൊഴിലാളി– കർഷകസംഘടനകൾ വിശേഷിപ്പിക്കുന്നത്. ഭാവി സമരപരിപാടികൾക്ക് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി രൂപംനൽകും. വിപുലമായ നിവേദനം കർഷകസംഘടനകൾ രാഷ്‌ട്രപതിക്ക് സമർപ്പിക്കുന്നുണ്ട്. ജില്ലാതലത്തിലെ സമരപരിപാടിക്ക് ശേഷം കർഷകസംഘടനകൾ രാഷ്‌ട്രപതിക്കുള്ള നിവേദനം കലക്‌ടർമാർക്ക് കൈമാറും. കർഷകരെയും തൊഴിലാളികളെയും മോദി സർക്കാർ ഏതെല്ലാം വിധം ദ്രോഹിക്കുന്നുവെന്ന് നിവേദനത്തിൽ വിശദമാക്കുന്നുണ്ട്. സ്വാമിനാഥൻ ശുപാർശ പ്രകാരമുള്ള എംഎസ്‌പി നിഷേധിക്കുന്നത് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികൾക്കും കർഷകർക്കും അൽപ്പമെങ്കിലും ആശ്വാസം പകരുന്ന സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രസർക്കാർ കവരുന്നതും തൊഴിലാളി– കർഷകസംഘടനകൾ വിഷയമാക്കുന്നു. ജിഎസ്‌ടി പരിഷ്‌കരണവും വൈദ്യുതി ബിൽ ഭേദഗതിയും ദേശീയ സഹകരണ നയവും പുതിയ വിദ്യാഭ്യാസ നയവുമെല്ലാം ഇതിന് ഉദാഹരണം. തൊഴിലാളി– കർഷകദ്രോഹ നിലപാടുകളിൽനിന്ന് പിന്തിരിയുന്നതിനൊപ്പം ഫെഡറൽ തത്വങ്ങളുടെ സംരക്ഷണം കൂടിയാണ് ട്രേഡ്‌യൂണിയനുകളും കർഷകസംഘടനകളും താൽപ്പര്യപ്പെടുന്നത്.








0 comments