ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തവെയാണ് നീക്കം
print edition ഖലിസ്ഥാൻ രാഷ്‌ട്രത്തിനായി കാനഡയിൽ ഹിതപരിശോധന , ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും കൊലവിളിയും

ഒട്ടാവ
ഇന്ത്യ കാനഡ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരവേ പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദികൾ ജനഹിത പരിശോധന നടത്തി. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് ആണ് അനൗദ്യോഗിക റഫറണ്ടം നടത്തിയത്. ആയിരക്കണക്കിന് കനേഡിയൻ സിഖുകാർ സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്രത്തിന് വോട്ട് ചെയ്തതായി സംഘാടകർ അവകാശപ്പെട്ടു. ദേശീയപതാകയെ അവഹേളിച്ചും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ജനഹിതപരിശോധന മുന്നോട്ടുപോയത്.
ഇന്ത്യൻ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൊല്ലണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ വീഡിയോകൾ പുറത്തുവന്നു. തലസ്ഥാനമായ ഒട്ടാവയിൽ നടന്ന റാലിയാണ് ഇന്ത്യ വിരുദ്ധത ആളിക്കത്തിച്ചത്. നടപടിയെ കാനഡയിലെ ഇന്ത്യൻ സ്ഥാനപതി അപലപിച്ചു. ജനഹിത പരിശോധന പരിഹാസ്യ നടപടിയാണെന്ന് ഇന്ത്യൻ ഹൈക്കമീഷണർ ദിനേശ് പട്നായിക് പറഞ്ഞു.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. കാർണിയുടെ സർക്കാർ ഖലിസ്ഥാൻ തീവ്രവാദ ശൃംഖലകൾക്കെതിരെ നിർണായക നടപടി സ്വീകരിച്ചതായും രാഷ്ട്രീയ ബന്ധങ്ങൾ വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഖലിസ്ഥാൻ വിഘടനവാദികൾ സ്വതന്ത്ര രാഷ്‌ട്രത്തിനായി ജനഹിത പരിശോധന നടത്തിയത്.
കാനഡയിൽനിന്ന് യുറേനിയം ഇറക്കുമതിക്ക് നീക്കം
കാനഡയുമായി 25000 കോടി രൂപയുടെ യുറേനിയം ഇറക്കുമതിക്കരാറിൽ ഏർപ്പെടാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ആണവമേഖല സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുക്കാൻ നിയമനിർമാണത്തിന് ഒരുങ്ങുന്ന ഘട്ടത്തിൽത്തന്നെയാണ് നീക്കം.
ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്‌ചയിൽ വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായിരുന്നു. വ്യാപാര ചർച്ചകളുടെ ഭാഗമായാണ് യുറേനിയം വിതരണ കരാറിനുള്ള നീക്കം.കരാർപ്രകാരം 10 വർഷത്തേക്ക് ഇന്ത്യക്ക് ആവശ്യമായ യുറേനിയം കാനഡ ഖനി കമ്പനിയായ കാമികോ വിതരണം ചെയ്യും. 2015ലും കാമികോയുമായി അഞ്ചുവർഷത്തേക്ക് സമാനമായ കരാറിൽ ഇന്ത്യ ഏർപ്പെട്ടിരുന്നു. 3115 കോടി രൂപയുടെ യുറേനിയമാണ് അക്കാലയളവിൽ കാമികോ വിതരണം ചെയ്‌തത്.








0 comments