print edition റഷ്യ– ഉക്രയ്‌ൻ യുദ്ധം ; സമാധാന ചർച്ചകൾക്കിടെ വീണ്ടും ആക്രമണം, 9 മരണം

കീവ്
ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഉക്രയ്‌ൻ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി റഷ്യയും അറിയിച്ചു. തിങ്കൾ രാത്രി കീവിനു പുറമെ ഉക്രയ്‌നിലെ മറ്റു നഗരങ്ങളിലും റഷ്യ വലിയ തോതിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. വീടുകളും ഊർജനിലയങ്ങളും ലക്ഷ്യംവച്ചായിരുന്നു ആക്രമണം. റഷ്യയിലെ റോസ്‌തോവ് മേഖലയിലാണ് തിങ്കളാഴ്‌ച ഉക്രയ്‌ൻ ആക്രമണം നടത്തിയത്. മൂന്ന് പേർ കൊല്ലപ്പെട്ടു. ക്രാസ്‌നോഡർ മേഖലയിലെയും കരിങ്കടൽ തുറമുഖമായ നോവോറോസിസ്‌കിലെയും എണ്ണ സംഭരണികൾ തകർത്തു.
ഖാർകിവ്, സപോറിഷ്യ മേഖലകളിലും ആക്രമണ പ്രത്യാക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രതിനിധി സംഘം റഷ്യൻ സംഘവുമായി അബുദാബിയിൽ ചൊവ്വാഴ്‌ച കാണാനിരിക്കെയാണ് ആക്രമണം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ഉക്രയ്‌നുവേണ്ടി വാദിക്കുന്ന സഖ്യകക്ഷികളുമായി ഓൺലൈൻ ചർച്ചയും നടത്തും. യുഎസ് മുന്നോട്ടുവച്ച സമാധാന പദ്ധതി മുൻനിർത്തിയാവും ചർച്ചകൾ.
പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി ഉടൻ തന്നെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കുമെന്ന് ഉക്രയ്‌ൻ സുരക്ഷാ മേധാവി അറിയിച്ചു.








0 comments