ഗഡാഗഡിയൻമാരാണ്
ഈസ്‌റ്റ് എളേരിയിലെ വായനക്കുഞ്ഞുങ്ങൾ!

കാസർകോട്
അവധിക്കാലത്ത് എത്ര പുസ്‌തകം വായിക്കും? ഈസ്‌റ്റ് എളേരിയിലെ കുഞ്ഞുങ്ങളെ വായനാക്കുഞ്ഞുങ്ങളാക്കി മാറ്റിയത് ഈയൊരു ഒറ്റച്ചോദ്യമാണ്. വായിക്കാൻ അവനവനെ വെല്ലുവിളിക്കുന്ന ത്രില്ലറായി വായന മാറിയപ്പോൾ അറുന്നൂറിലധികം കുഞ്ഞുങ്ങൾ വായനയോട് വായനയായി. അറുപത് ദിവസങ്ങൾ കൊണ്ട് അവർ വായിച്ചുതീർത്തത് 17,025 പുസ്‌തകങ്ങൾ. വെറുതെ രസിച്ച് വായിക്കുക മാത്രമല്ല, വായിച്ച പുസ്‌തകങ്ങൾക്കെല്ലാം ആസ്വാദനവും ചിത്രീകരണവും വീഡിയോയുമൊക്കെ തയ്യാറാക്കി അത്ഭുതക്കുട്ടികളായവർ. 13 ലൈബ്രറികളെ കോർത്തിണക്കി ഈസ്റ്റ് എളേരി പഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും ചേർന്നാണ് ‘അവധിക്കാലത്ത് എത്ര പുസ്തകങ്ങൾ വായിക്കും?’ ചലഞ്ച് ഒരുക്കിയത്. മാർച്ച് 28ന് ആരംഭിച്ച വായനാമത്സരം മെയ് 31നാണ് സമാപിച്ചത്. ഇവിടെയും നിൽക്കുന്നില്ല വായനാചലഞ്ചിന്റെ അലയൊലികൾ. തെരഞ്ഞെടുക്കപ്പെട്ട വായനാക്കുറിപ്പുകൾ ‘ഹരിതം’ ബുക്‌സിലൂടെ പുസ്‌തകമാകാൻ ഒരുങ്ങുകയാണ്. മുപ്പത് പുസ്‌തകങ്ങൾ ഉൾപ്പെട്ടതാണ് ഗോൾഡൺ ചലഞ്ച്. അമ്പത് പുസ്‌തകം വായിക്കുമെന്ന് ചങ്കുറപ്പുള്ളവർ തെരഞ്ഞെടുത്തത് പ്ലാറ്റിനം ചലഞ്ച്. 75 പുസ്‌തകങ്ങൾ വായിക്കാൻ തയ്യാറുള്ള ഗഡാഗഡിയൻ വായനക്കാർക്കുള്ളതാണ് ഡയമണ്ട് ചലഞ്ച്. 227 കുട്ടികളാണ് വായന മത്സരത്തിലെ ജേതാക്കളായത്. 58 പേരാണ് 75 പുസ്‌തകങ്ങളുടെ ഡയമണ്ട് ചലഞ്ച് പൂർത്തിയാക്കിയത്. 34 പേർ പ്ലാറ്റിനം ചാലഞ്ചും 135 പേർ ഗോൾഡൻ ചാലഞ്ചും തൊട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ വായനപക്ഷാചരണത്തിലെ വിപുലമായ ചടങ്ങിൽ വിതരണം ചെയ്യും. തയ്യേനി ഗവ. ഹൈസ്കൂൾ അധ്യാപകൻ സന്തോഷ് ചിറ്റടിയാണ് വായന ചലഞ്ച് മെന്റർ. ഏറ്റവും കൂടുതൽ പേർ ചലഞ്ച് പൂർത്തിയാക്കിയ വിദ്യാലയമായ കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനും കമ്പല്ലൂർ സിആർസി ലൈബ്രറിക്കും ഈസ്റ്റ് എളേരിയിലെ ജനകീയ ഗ്രന്ഥശാല പ്രവർത്തകൻ മാത്യു മാഞ്ഞൂരിന്റെ പേരിലുള്ള പുരസ്കാരങ്ങളുണ്ട്. മികച്ച പ്രവർത്തനം നടത്തിയ ലൈബ്രേറിയൻമാർ, കുട്ടികളുടെ മികച്ച വായന ഡയറികൾ എന്നിവയ്ക്കും കലക്കൻ സമ്മാനമുണ്ട്. ആയന്നൂർ യുവശക്തി, കൊല്ലാട ഇ എം എസ് ലൈബ്രറി എന്നിവയാണ് ചലഞ്ചിൽ രണ്ടും മൂന്നും സ്ഥാനക്കാരായത്.









0 comments