വിഭവങ്ങൾ നിറഞ്ഞു ഓണസദ്യയുണ്ട് വാനരക്കൂട്ടം

ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ഒരുക്കിയ ഓണസദ്യ കഴിക്കുന്ന ഇടയിലെക്കാട് കാവിലെ വാനരന്മാർ

സ്വന്തം ലേഖകൻ
Published on Sep 07, 2025, 02:00 AM | 1 min read
തൃക്കരിപ്പൂർ
കാവിന്റെ ഓരം ചേർന്ന് റോഡരികിൽ ഒരുക്കിയ മേശകളിൽ അവർ പതിവുപോലെ ഇത്തവണയും നേരത്തെയെത്തി നിലയുറപ്പിച്ചു. ചക്കയും കാരറ്റും പപ്പായയും തക്കാളിയുമൊക്കെ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയതോടെ അവർ അത് ആവോളം അകത്താക്കി. ഇടയിലെക്കാട് കാവിലെ വാനരസംഘത്തിന് ഇത് പതിനെട്ടാമത്തെ ഓണസദ്യയാണ്. കാവിലെ മുപ്പതോളം വരുന്ന മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരർക്കാണ് അവിട്ടം നാളായ ശനിയാഴ്‌ച പതിവുതെറ്റാതെ ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി തൂശനിലയിൽ ഓണസദ്യ വിളമ്പിയത്. പ്രദേശത്ത് അലങ്കരിച്ച് തൂക്കിയിട്ട പൂക്കൾ വലിച്ചെറിഞ്ഞും ഗ്ലാസിലെ വെള്ളമെടുത്തു കുടിച്ചും വാനരക്കൂട്ടം ധൃതികൂട്ടി. ചാലിൽ മാണിക്കമ്മ ബാലവേദിയിലെ കുട്ടികൾക്ക് വിഭവങ്ങൾ കൈമാറിയ ശേഷം കാവിനരികിലേക്ക് ഓണപ്പാട്ടുകൾ പാടി കുട്ടികൾ ഘോഷയാത്രയായി എത്തി. മേശയിൽ നിരത്തിയ വാഴയിലയിൽ ആദ്യം ഉപ്പു ചേർക്കാത്ത ചോറും പിന്നെ മറ്റ് വിഭവങ്ങളും നിരന്നു. ചിലർ വിളമ്പലിനിടയിൽത്തന്നെ കലപില കൂട്ടി. ചക്കയോടായിരുന്നു ഏറെ പ്രിയം. ഇരുകൈകളിൽ പിടിച്ചും ചക്ക പ്രിയം അവർ കാട്ടി. ചക്കയുടെ സീസൺ അല്ലാത്തതിനാൽ കുണിയനിൽ നിന്നായിരുന്നു സംഘാടകർ ചക്ക എത്തിച്ചത്. കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം വത്തക്ക, പൈനാപ്പിൾ, വെള്ളരി, സബർ ജില്ലി, മത്തൻ, കോവയ്ക്ക, സർബത്തിൻ കായ എന്നീ 18 ഇനങ്ങളാണ് പതിനെട്ടാം ഓണസദ്യയിൽ വിളമ്പിയത്. ഹരിത പെരുമാറ്റ ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ കുടിക്കാനുള്ള വെള്ളവും നൽകി. കാവിലെത്തുന്ന സഞ്ചാരികൾ നൽകുന്ന പലതരം ഭക്ഷണങ്ങൾ കുരങ്ങുകളുടെ പ്രത്യുൽപ്പാദനശേഷിയെ ഗുരുതരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗ്രന്ഥശാല സദ്യ ഒരുക്കിവരുന്നത്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡന്റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു, വി റീജിത്ത്, എം ഉമേശൻ, പി വി സുരേശൻ, വി ഹരീഷ്, കെ വി രമണി, വി വി സിന്ധു, സി ജലജ എന്നിവർ നേതൃത്വം നൽകി.









0 comments