ഇടയിലെക്കാട് എഎൽപി സ്കൂൾ സർക്കാർ ഏറ്റെടുത്തു

ഇടയിലെക്കാട് എഎൽപി സ്കൂൾ
തൃക്കരിപ്പൂർ
ഇടയിലെക്കാട് എഎൽപി സ്കൂൾ സർക്കാർ ഏറ്റെടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ അപേക്ഷയെ തുടർന്നാണ് സർക്കാർ നിരുപാധികം വിദ്യാലയം ഏറ്റെടുത്തത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കവ്വായിക്കായലിനാൽ ചുറ്റപ്പെട്ട തീർത്തും അവികസിതമായിരുന്ന ഇടയിലെക്കാട് ദ്വീപിൽ 1976 ൽ ഏഴ് വ്യക്തികൾ ചേർന്ന് രൂപം കൊടുത്ത മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്. നൂറുകണക്കിന് വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം രാജഗോപാലൻ എംഎൽഎ മുഖേന നൽകിയ അപേക്ഷയെ തുടർന്നാണ് ഇപ്പോൾ സർക്കാരിന്റെ അനുകൂലമായ ഇടപെടൽ. സ്കൂൾ തുടങ്ങും മുമ്പെ ഇവിടത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഉദിനൂർ കടപ്പുറം, മെട്ടമ്മൽ, ആയിറ്റി, തൃക്കരിപ്പൂർ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്ക് കായലിലൂടെ തോണിയാത്ര ചെയ്ത് പോകണമായിരുന്നു. ദുരിതം നിറഞ്ഞ ഈ യാത്രയ്ക്ക് വിരാമമിട്ടാണ് ഈ തുരുത്തിൽ എടാട്ടുമ്മലിലെ സി കുഞ്ഞിരാമൻ ആദ്യ അധ്യാപകനായി സ്കൂൾ ആരംഭിച്ചത്. വലിയപറമ്പ് പഞ്ചായത്തും പ്രദേശത്തെ സന്നദ്ധസംഘടനകളും എം രാജേോപാലൻ എംഎൽഎയ്‌ക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു.









0 comments