ചുറ്റുമുണ്ട‍് വെള്ളം; കുടിവെള്ളത്തിനോ വട്ടംചുറ്റണം

കുടിവെള്ളവും ശേഖരിച്ച് മടങ്ങുന്ന തളങ്കര കൊപ്പലിലെ സ്‌ത്രീകളും കുട്ടികളും
കെ സി ലൈജുമോൻ
Published on May 07, 2025, 02:00 AM | 1 min read
കാസർകോട്
വെള്ളം വെള്ളം സർവത്ര.... തുള്ളികുടിക്കാനില്ലത്രേ..... തളങ്കര കൊപ്പലുകാരുടെ അവസ്ഥയാണിത്. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട നാട്ടിൽ കുടിവെള്ളം കിട്ടാൻ പാടുപെട്ട് അലയണം. എന്നാലും കിട്ടുന്നതോ ഉപ്പുവെള്ളവും. കിണറുകളിലെല്ലാം ഉപ്പുവെള്ളമാണ്. ഇത്തിരിദൂരം നടന്നുപോയി വേണം ഇതെങ്കിലും ശേഖരിക്കാൻ. മുപ്പതിലേറെ പട്ടികവിഭാഗക്കാരെല്ലാം ഇങ്ങനെവേണം കുടിവെള്ളമെത്തിക്കാൻ. ഇവിടുത്തുകാർക്ക് പുറംലോകം കാണാൻ കൊപ്പൽ നടപ്പാലമാണ് ആശ്രയം. നാലുവർഷം മുമ്പ് പാലം പുതുക്കിപ്പണിയുന്നതിനായി ഇതുവഴിയുണ്ടായിരുന്ന കുടിവെള്ള പൈപ്പ്‌ലൈൻ നീക്കിയിരുന്നു. പൈപ്പ്‌ലൈൻ പുനസ്ഥാപിക്കാത്തതാണ് കുടിവെള്ളത്തിനായി അലഞ്ഞുനടക്കേണ്ട ഗതികേട് ഉണ്ടാക്കിയത്. എല്ലാവർഷവും പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുണ്ടെങ്കിലും "ഇപ്പം ശരിയാക്കാ'മെന്ന മറുപടി കിട്ടും. 2020ലാണ് നടപ്പാലം പുതുക്കിപ്പണിതത്. മറുകര വരെ പൈപ്പ്‌ലൈൻ നിലവിലുണ്ട്. ഇക്കരെയും വാട്ടർ ടാങ്കിന് സമീപംവരെ പൈപ്പുണ്ട്. പാലത്തിന്റെ മുകൾഭാഗത്തുകൂടി പൈപ്പ്‌ലൈൻ യോജിപ്പിച്ചാൽ ഇവരുടെ വർഷങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമാകും. 53 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഇരുമ്പുപാലമാകട്ടെ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. പട്ടികജാതിക്കാരായ നൂറോളംപേരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല.









0 comments