സെറീനയ്‌ക്ക് സലാം

ജില്ലാ പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ സ്ഥാനാർഥി ഡോ. സെറീനാ സലാം മാവിലാകടപ്പുറം ഒരിയരയിലെ കൊടക്ക രാമനെയും ഭാര്യ ശീലാബതിയെയും സന്ദർശിക്കുന്നു
പി വിജിൻദാസ്
Published on Nov 22, 2025, 02:30 AM | 1 min read
ചെറുവത്തൂർ
നടത്തവും ഓട്ടവുമല്ലാത്ത ഒരുപാകത്തിലാണ് സ്ഥാനാർഥി. കഴിയുന്നത്ര വീടുകൾ കയറി ആകാവുന്ന വോട്ടർമാരെ നേരിൽ കാണാനുള്ള പാച്ചിലാണ്. ചെറുപ്പക്കാരിയായ സ്ഥാനാർഥിക്ക് ക്ഷീണം തെല്ലുമില്ല. സ്ഥാനാർഥിക്കൊപ്പമുള്ളവരിൽ പ്രായമുള്ളവർ ഒപ്പമെത്താൻ അൽപം പ്രയാസപ്പെടുന്നുണ്ട്. എന്നാലും അവരും ഓടിപ്പാഞ്ഞെത്തുന്നുണ്ട് കൂടെ. വീടുകയറിയെത്തിയ സ്ഥാനാർഥി സ്വയം പരിചയപ്പെടുത്തുന്നു. ‘‘ജില്ലാപഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ്– സെറീനാ സലാം. അരിവാൾ ചുറ്റിക നക്ഷത്രമാണ് ചഹ്‌നം. ആയുർവേദ ഡോക്ടറാണ്. പിന്തുണക്കണം. ഒപ്പമുണ്ടാവണം’’–. വീട്ടുകാരുടെ കുശലാന്വേഷണത്തിനൊപ്പം ഏതാനും നിമിഷങ്ങൾ ചെലവഴിച്ച് അടുത്ത വീട്ടിലേക്ക്. ചിലയിടങ്ങളിൽ സെറീന സ്ഥാനാർഥി മാത്രമല്ല. പലവിധ അവശതകൾ അനുഭവിക്കുന്നവർക്ക് ഡോക്ടറുമാവുന്നുണ്ട്. കിടപ്പിലായവരെയും വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരെ കണ്ട് ചികിത്സാ വിവരങ്ങൾ തിരക്കുന്നു. എളുപ്പത്തിൽ അപരിചിതത്വത്തെയെല്ലാം മായ്‌ച്ചുകളഞ്ഞ് അവരിൽ ഒരാളുകുന്നുണ്ട് ഡോ. സറീന സലാം. തീരദേശ പഞ്ചായത്തായ വലിയപറമ്പിൽ നിന്നായിരുന്നു വെള്ളിയാഴ്‌ച പര്യടനത്തിന്റെ തുടക്കം. തൊഴിലിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കടലോര ജനത സ്‌നേഹപൂർവം വരവേറ്റു. ഓരിക്കടവ് പാലത്തിന് സമീപം വോട്ടഭ്യർഥിക്കവേ പ്രദേശവാസിയായ റാബിയ മറയില്ലാതെ പിന്തുണയുമായെത്തി. ഇൗ ഭരണം തന്നെ തുടരണം, എന്റെ പാർടി ഏതെങ്കിലുമായിക്കോട്ടെയെന്ന് റാബിയ. മാവിലാ കടപ്പുറത്തെ എൺപത് കഴിഞ്ഞ കെ പി പി കുമ്പമ്മ പെൻഷൻ വർധിപ്പിച്ചതിന്റെ സന്തോഷത്തിലാണ്. ഒരിയര, മാവിലാടം, വെളുത്തപൊയ്യ, പന്ത്രണ്ടിൽ, ബീച്ചാരക്കടവ്, പടന്നക്കടപ്പുറം, വലിയപറമ്പ്, പടന്ന പഞ്ചായത്ത് ഓഫീസ് പരിസരം, പോസ്‌റ്റ് ഓഫീസ് പരിസരം, മൂസഹാജിമുക്ക്, പടന്ന വടക്കേപ്പുറം എന്നിവിടങ്ങളിലും സ്ഥാനാർഥിയെ വരവേറ്റു.








0 comments