ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തിയെന്ന് പരാതി; 2 പേർ അറസ്റ്റിൽ

തൃക്കരിപ്പൂർ
മുക്കുപണ്ടം പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന ബാങ്ക് അധികൃതരുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. ആയിറ്റിയിലെ ജാഫർ ഖാൻ (46), മുനീറുദ്ദീൻ (44) എന്നിവരെയാണ് ചന്തേര എസ്ഐ വി ജിയോ സദാനന്ദൻ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം അനുവദിച്ചു. ഒരു വർഷം മുമ്പ് തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്കിന്റെ പ്രധാന ശാഖയിൽ പണയപ്പെടുത്തിയ 26.900 ഗ്രാം ആഭരണം പുതുക്കുന്നതിന് എത്തിയതായിരുന്നു ഇരുവരും. പുതുക്കുന്നതിന്റെ ഭാഗമായി അപ്രൈസർ സ്വർണം സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ മുക്കുപണ്ടമാണന്ന് കണ്ടെത്തുകയായിരുന്നു. തങ്ങൾ പണയപ്പെടുത്തിയത് യഥാർഥ സ്വർണമാണന്നും ജീവനക്കാരുടെ അറിവോടെ തിരിമറി നടന്നതായി സംശയിക്കുന്നതായും അറസ്റ്റിലായവർ കോടതിയിൽ മൊഴി നൽകിയതായി അറിയുന്നു. ഇതേ തുടർന്നാണ് തുടരന്വേഷണത്തിനായി ഇവർക്ക് ജാമ്യം നൽകിയത്. ഇതേ ബാങ്കിന്റെ സായാഹ്ന ശാഖയിലും ഉദിനൂർ ശാഖയിലും സമാനമായ ഇടപാട് ഇവർ നടത്തിയിട്ടുണ്ട്. പണം തിരിച്ചടക്കാൻ ബാങ്ക് അധികൃതർ സമയം നൽകിയെങ്കിലും പിടിയിലായവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ശാഖകളിലായി നടത്തിയ ഇടപാടിൽ അഞ്ച് ലക്ഷം രൂപയാണ് കൈപ്പറ്റിയത്. 11 വളകളാണ് പണയപ്പെടുത്തിയത്. ബാങ്ക് എംഡി കൊയോങ്കരയിലെ സി സേതുമാധവന്റെ പരാതിയിലാണ് കേസെടുത്തത്. മറ്റു രണ്ട് ശാഖകളിലെയും പണയ ഉരുപ്പടികൾ പരിശോധിച്ചുവരികയാണ്. ഇതോടെ ബാങ്ക് ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നിയന്ത്രണത്തിലുള്ള ബാങ്കാണിത്. ഒരു വർഷം മുമ്പ് നടത്തിയ ഇടപാട് ജീവനക്കാർക്ക് അറിവുണ്ടായിട്ടും ഒതുക്കി തീർക്കാൻ ശ്രമിച്ചത് കൂടുതൽ സംശയത്തിനിടയാക്കി. ബാങ്കിലെ മറ്റു ഇടപാടുകളും പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയർന്നു.









0 comments