കെഎസ്‌ആർടിസിക്ക് തിങ്കളാഴ്‌ച നല്ല ദിവസം കാസർകോട് ഡിപ്പോയിൽ ഒറ്റദിവസത്തെ കലക്‌ഷൻ 18.04 ലക്ഷം

കാസർകോട് ചരിത്രത്തിലെ ഏറ്റവും വലിയ കലക്‌ഷനുമായി കെഎസ്‌ആർടിസി കാസർകോട് ഡിപ്പോ. 18,04,972 രൂപയാണ് ഡിപ്പോയിലെ വിവിധ സർവീസുകളിലൂടെ തിങ്കളാഴ്‌ച ലഭിച്ചത്. 17,31,000 രൂപയായിരുന്നു ടാർഗറ്റ്. 104.3 ശതമാനം വരുമാന വർധനവുണ്ടാക്കാനായി. ഡിപ്പോയുടെ ചരിത്രത്തിൽ ആദ്യമായാണ് ടിക്കറ്റ് വരുമാനം ഒറ്റദിവസം ഇത്രയും ലഭിക്കുന്നത്. 84 സർവീസുകളാണ് തിങ്കളാഴ്‌ച കാസർകോട് ഡിപ്പോയിൽനിന്ന് നടത്തിയത്. ടിക്കറ്റ് വരുമാനത്തിൽ സംസ്ഥാനത്ത് ചരിത്രത്തിലെ രണ്ടാമത്തെ വലിയ കലക്‌ഷനാണ് തിങ്കളാഴ്‌ച ലഭിച്ചത്. 9.41 കോടിരൂപയാണ് സംസ്ഥാനത്ത് വിവിധ ഡിപ്പോകളിലൂടെ ടിക്കറ്റ് വരുമാനമായി ലഭിച്ചത്. സെപ്തംബർ എട്ടിന് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടിയാണ് കെഎസ്ആർടിസി കൈവരിച്ചത്. ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും എല്ലാം നിരന്തര പരിശ്രമമാണ് മികച്ച വരുമാനമുണ്ടാക്കാൻ സാധിച്ചതെന്ന് കാസർകോട് ഡിപ്പോയിലെ അസി. ട്രാൻസ്‌പോർട് ഓഫീസർ കെ പ്രിയേഷ് കുമാർ പറഞ്ഞു. ദീർഘദൂരത്തേക്ക് അധിക സർവീസും തിരക്കു-ള്ള റൂട്ടുകളിൽ അധിക ഷെഡ്യൂളുകൾ ഏർപ്പെടുത്താനുമായി. ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങിയവയെല്ലാം യാത്രക്കാരിൽ കെഎസ്ആർടിസിക്ക് വൻ സ്വീകാര്യത ഉണ്ടാക്കി. പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും സ്വീകാര്യത നേടി. കാസർകോട് ഡിപ്പോയിൽ മാത്രം സെപ്‌തംബറിൽ പുതുതായി എത്തിയത് അഞ്ച് ബസുകളാണ്. വിജയയാത്ര തുടർന്ന് ബജറ്റ് ടൂറിസം സെല്ലും വിനോദ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുന്ന ബജറ്റ് ടൂറിസം സെല്ലും പുതിയകാലത്ത് കെഎസ്‌ആർടിസിയുടെ അടയാളമാവുകയാണ്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി യാത്രകളാണ് ജില്ലയിലെ ഡിപ്പോകളിൽ നിന്ന് കെഎസ്‌ആർടിസി ഒരുക്കിയത്. മികച്ച വരുമാനം ഉറപ്പിക്കാനും ഇതിലൂടെ കെഎസ്‌ആർടിസിക്ക് സാധിച്ചു. ഓണക്കാലത്തും പൂജാ അവധിക്കാലത്തും മികച്ച വരുമാനമുണ്ടാക്കാനായി. ആഗസ്‌ത്, സെപ്‌തംബർ മാസത്തിൽ കാസർകോട് ഡിപ്പോയിൽനിന്ന് മാത്രം 18 വിനോദ സഞ്ചാര, സ്‌പെഷൽ ട്രിപ്പുകളാണ് പുറപ്പെട്ടത്. 460,112 രൂപ വരുമാനമുണ്ടായി. ഒക്ടോബർ രണ്ടാംവാരം വയനാട്, പൈതൽ മല, റാണിപുരം, പൊലിയംതുരുത്ത്, കൊല്ലൂർ മൂകാംബിക, മൂന്നാർ ട്രിപ്പുകൾ കാസർകോട് ഡിപ്പോയിൽനിന്ന് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.









0 comments