ജനകീയ ജൈവവൈവിധ്യ രജിസ്‌റ്റർ

രണ്ടാംഭാഗം പൂർത്തിയാകുന്നു

.
avatar
സുപ്രിയ സുധാകർ

Published on Mar 10, 2025, 03:00 AM | 1 min read


കണ്ണൂർ

ജില്ലയിലെ ജനകീയ ജൈവവൈവിധ്യ രജിസ്‌റ്ററുകളുടെ (പിബിആർ) രണ്ടാംഭാഗം പൂർത്തിയാകുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ തയ്യാറാക്കിയത്‌. കരിവെള്ളൂർ–പെരളം, കതിരൂർ, മാങ്ങാട്ടിടം, മലപ്പട്ടം, മൊകേരി, അഞ്ചരക്കണ്ടി, കുന്നോത്തുപറമ്പ്‌, കുറ്റ്യാട്ടൂർ പഞ്ചായത്തുകളുടെയും ഇരിട്ടി, കൂത്തുപറമ്പ്‌ നഗരസഭകളുടെയും പിബിആർ രണ്ടാംഭാഗം പൂർത്തിയായി. കാങ്കോൽ ആലപ്പടമ്പ്‌, വളപട്ടണം, ധർമടം, പാപ്പിനിശേരി, ഉദയഗിരി, കൊട്ടിയൂർ, പേരാവൂർ, മുഴക്കുന്ന്‌, കടമ്പൂർ, കുറുമാത്തൂർ, പെരളശേരി, പന്ന്യന്നൂർ പഞ്ചായത്തുകൾ, മട്ടന്നൂർ നഗരസഭ തുടങ്ങിയ ബിഎംസികൾ പിബിആർ രണ്ടാംഭാഗത്തിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്‌. ആദ്യഘട്ടം തയ്യാറാക്കിയ പിബിആറുകളിലെ ന്യൂനതകളും കാലാനുസൃതമായ മാറ്റങ്ങളും കണ്ടെത്തി പരിഹരിക്കുന്നതോടൊപ്പം നിലവിലുള്ള പരിസ്ഥിതി–ജൈവ–ആവാസ വ്യവസ്ഥകൾക്കുണ്ടായ മാറ്റങ്ങളും രേഖപ്പെടുത്തുകയാണ്‌ രണ്ടാംഭാഗത്തിൽ. ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും സുസ്ഥിര ഉപയോഗത്തിന്റെയും ആദ്യപടി ഓരോ സ്ഥലത്തെയും ജൈവവൈവിധ്യം രേഖപ്പെടുത്തുകയെന്നതാണ്‌. ഒരു പ്രദേശത്തെ ജൈവവിഭവങ്ങളെ കുറിച്ച്‌ അവിടുത്തെ ജനങ്ങളുടെ അറിവുമായി ചേർത്ത്‌ ശാസ്‌ത്രീയമായി രേഖപ്പെടുത്തുകയാണ്‌ ജനകീയ ജൈവവൈവിധ്യ രജിസ്‌റ്ററിന്റെ പ്രഥമലക്ഷ്യം. പ്രളയം, വരൾച്ച, ചുഴലിക്കാറ്റ്‌ തുടങ്ങിയവയുടെ കാരണം പരിസ്ഥിതി– ജൈവ– ആവാസ വ്യവസ്ഥകൾക്കുണ്ടായ മാറ്റങ്ങൾ, അധിനിവേശ സസ്യ, ജന്തു ജാലങ്ങൾ എന്നിവ സംബന്ധിക്കുന്ന വിവരങ്ങളും പ്രാദേശികതലത്തിൽ ക്രോഡീകരിക്കും. ഒപ്പം സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ പ്രകാരം ജൈവവൈവിധ്യ പരിപാലന കർമ പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടികളും ബോർഡ്‌ കൈക്കൊള്ളുന്നുണ്ട്‌. ജില്ലയിൽ പത്തോളം ബിഎംസികൾ കർമപരിപാടി തയ്യാറാക്കിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനവും കാര്യക്ഷമമായ ഉപയോഗവും കൈവരിക്കുകയാണ്‌ ലക്ഷ്യം. സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലയിൽ പുരോഗമിക്കുന്നുണ്ട്‌. അഴീക്കോട്‌, ധർമടം, ന്യൂമാഹി, മാട്ടൂൽ, മുഴപ്പിലങ്ങാട്, കണ്ണൂർ കോർപറേഷൻ എന്നിവടങ്ങളിൽ സമുദ്ര ജൈവവൈവിധ്യ രജിസ്‌റ്റർ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home