മണവാട്ടിക്ക് 72ന്റെ തിളക്കം

പ്രായം മറന്ന തുടിപ്പിൽ ഒപ്പനത്തിളക്കം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കയ്യൂർ–ചീമേനി യൂണിറ്റ്  സാംസ്കാരിക സമിതിയുടെ പുരവഞ്ചി യാത്രയിൽ അവതരിപ്പിച്ച ഒപ്പന

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കയ്യൂർ–ചീമേനി യൂണിറ്റ് സാംസ്കാരിക സമിതിയുടെ പുരവഞ്ചി യാത്രയിൽ അവതരിപ്പിച്ച ഒപ്പന

avatar
സ്വന്തം ലേഖകൻ

Published on Sep 21, 2025, 02:15 AM | 1 min read

കയ്യൂർ

അസർമുല്ലച്ചിരിയോടെ ചെറിയാക്കരയിലെ പത്മിനിയമ്മ ഒരുങ്ങിനിന്നു. സർവാഭരണഭൂഷിതയായി മണവാട്ടിയെത്തിയപ്പോൾ തോഴി സരോജിനിക്ക് കൗതുകം അടക്കാനായില്ല. മണവാട്ടിയണിഞ്ഞിരുന്ന ആഭരണങ്ങളുടെ മാറ്റ് പരിശോധിച്ചും കളിതമാശ പറഞ്ഞും അവർ കൗമാര കാലത്തേക്ക് തിരിച്ചുപോയി. ഒടുവിൽ പുതുമണവാട്ടിയുടെ ഭാവങ്ങളുമായി 72 വയസുള്ള പത്മിനിയമ്മയും കൂട്ടരും കെെയടിച്ച് ഒപ്പനയാടിയപ്പോൾ പുരവഞ്ചയിൽ കൈയടിത്താളം മുഴങ്ങി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കയ്യൂർ – ചീമേനി യൂണിറ്റ് സാംസ്കാരിക സമിതി സംഘടിപ്പിച്ച പുരവഞ്ചി യാത്രയിൽ വനിതാവേദി അവതരിപ്പിച്ച ഈ ഒപ്പനയാണിപ്പോൾ സമൂഹ മാധ്യമങ്ങളിലും വൈറൽ. ഒപ്പനയുടെ തുടർച്ചയായി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസുകൂടിയായപ്പോൾ എല്ലാവരും മതിമറന്നുല്ലസിച്ചു. വനിതാവേദി കൺവീനർ കടന്തക്കോട്ടെ പി വി സുലോചനയാണ് ഡാൻസ് ട്രൂപ്പ് എന്ന ആശയം മുന്നോട്ടുവച്ചതും തല്പരായവരെ കണ്ടെത്തി ചുരുങ്ങിയ സമയം കൊണ്ട് പരിശീലിച്ച്‌ അരങ്ങേറിയതും. 61 മുതൽ 66 വരെ പ്രായമുള്ളവരാണ് ടീമിലെ മറ്റംഗങ്ങളായ സരോജിനി കയ്യൂർ, പത്മിനി കയ്യൂർ നന്ദിനി കയ്യൂർ, പത്മാവതി ആലന്തട്ട, അനിത വെള്ളാട്ട് എന്നിവർ. മയ്യിച്ചയിലെ ജയശ്രീയാണ് പരിശീലക. ഡിടിപിസി ഓണാഘോഷത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ നടന്ന ഓണവില്ല് വേദിയിലായിരുന്നു ഒപ്പന അരങ്ങേറ്റം. പുരവഞ്ചി യാത്രയിലെ വീഡിയോ വൈറലായതോടെ പല സ്ഥലങ്ങളിൽനിന്നും അവതരണത്തിനായുള്ള ക്ഷണം ലഭിച്ചു. കയ്യൂർ ചീമേനി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടന്ന വയോജന സംഗമമായിരുന്നു മൂന്നാംവേദി. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നിന്നാരംഭിച്ച പുരഞ്ചിയാത്രയിൽ പെൻഷണർമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 60 പേർ പങ്കെടുത്തു. ഒയോളം നാരായണൻ, പി ലക്ഷ്മണൻ, സി വി രവീന്ദ്രൻ, എ എൻ അശോക് കുമാർ, ഇ വി ദാമോദരൻ, എ ദാമോദരൻ, പി വി ശ്രീധരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home