ബേവിഞ്ചയിൽ സുരക്ഷാഭിത്തികൾ ഇടിഞ്ഞ് ദേശീയപാതയിലേക്ക്
നെഞ്ചിടിപ്പിച്ച് മണ്ണിടിച്ചിൽ

കെ സി ലൈജുമോൻ
Published on Jun 17, 2025, 03:00 AM | 1 min read
ചെർക്കള
ഒരിറ്റ് മഴച്ചാറ്റൽ മതിയിപ്പോൾ ബേവിഞ്ചക്കാരുടെ ആധിയേറ്റാൻ. അതിതീവ്രമഴ ഒഴിയാതിരിക്കുമ്പോൾ ഇവിടുത്തുകാരുടെ ഉറക്കവും നഷ്ടപ്പെടുകയാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി രണ്ടാം റീച്ചിൽ അശാസ്ത്രീയമായി നിർമാണ കമ്പനി മണ്ണിടിച്ചതിനാൽ ‘കുഴിയിലാക്കപ്പെട്ടവരു’ടെ നെഞ്ചിടിപ്പ് ഇതുവരെ അണഞ്ഞിട്ടില്ല. മണ്ണെടുത്ത സ്ഥലത്ത് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടാൻ നിർമിച്ച സുരക്ഷാഭിത്തി (സോയിൽ നെയ്‌ലിങ്) തിങ്കളാഴ്ച രണ്ടുപ്രാവശ്യമാണ് തകർന്നത്. രാവിലെ ഒമ്പതരയോടെ 20 മീറ്ററോളം തകർന്നുവീണു. മണ്ണ് മാറ്റുന്നതിനിടെ വൈകിട്ട് നാലോടെ വീണ്ടും സുരക്ഷാഭിത്തി ഇടിഞ്ഞു. പ്രദേശത്ത് ദേശീയപാതയുടെ പണി തുടങ്ങിയപ്പോൾതന്നെ നാട്ടുകാരും പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം നിർമാണത്തിലെ അപാകം ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പണി തുടരുകയായിരുന്നു. കുന്നിടിച്ച് റോഡ് വീതികൂട്ടി പുനർനിർമിച്ചപ്പോൾ ഇടിച്ചഭാഗത്തെ മൺതിട്ട സുരക്ഷിതമാക്കാൻ സോയിൽ നെയ്‌ലിങ് പോരെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിരുന്നു. മണ്ണിടിഞ്ഞുവീണ പ്രദേശത്ത് മൺതിട്ടയ്‌ക്ക് മുകളിലായി താമസിക്കുന്ന കുടുംബങ്ങളും ആശങ്കയോടെയാണ് കഴിയുന്നത്. തെക്കിൽ–- ചട്ടഞ്ചാൽ യാത്രയും പേടിയോടെ തെക്കിൽ മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. ഇവിടെയും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് സംരക്ഷണ ഭിത്തിയുള്ളത്. ഇവിടെ നിർമിച്ച ആകാശപാതയുടെ സമീപത്തെ മൺതിട്ട ഇടിയാൻ തുടങ്ങിയിട്ട് ഒരാഴ്‌ചയിലേറെയായി. കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ഒഴുക്കിവിടാൻ സംവിധാനം ഒരുക്കാതെയുള്ള നിർമാണമാണ് ഈ ദുരവസ്ഥയിലേക്കെത്തിച്ചത്. മണ്ണിടിച്ച് പാത നിർമിച്ചയിടങ്ങളിലെ സുരക്ഷാഭിത്തികൾക്ക് സുരക്ഷയില്ലാത്തതും യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്‌ത്തുന്നുണ്ട്. ഭീതിയോടെ കുണ്ടടുക്കത്തുകാരും മഴ ശക്തമായതോടെ ചെർക്കള കുണ്ടടുക്കത്തുകാരുടെ ആശങ്കയും വർധിച്ചു. നിരവധി വീടുകൾക്ക് മുകൾഭാഗത്തായി നിലകൊള്ളുന്ന മൺകൂനകളാണ് ഇവിടുത്തുകാർക്ക് ഭീഷണിയാകുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ പ്രദേശവാസികളാകെ കടുത്ത പ്രതിഷേധത്തിലാണ്. ദേശീയപാത നിർമാണ കരാർ കമ്പനിയായ മേഘ കൺസ്‌ട്രക്‌ഷൻസിന്റെ ഓഫീസിലേക്ക് സിപിഐ എം ചെങ്കള ലോക്കൽകമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ചെറിയ മഴയിൽപോലും താഴ്‌ഭാഗത്തെ വീട്ടുമുറ്റങ്ങളിലേക്ക് വെള്ളത്തിനൊപ്പം മണ്ണും കല്ലുമെത്തുന്നത് പതിവാണ്. സമീപ പ്രദേശങ്ങളിലെല്ലാം സുരക്ഷാഭിത്തികൾ തകർന്നുവീഴുമ്പോൾ ആശങ്കയോടെ തങ്ങളുടെ ജീവന് വിലയില്ലേയെന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്.









0 comments