അറിവിൻ ആനന്ദത്താൽ, അക്ഷരമുറ്റമുണർന്നു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്‌ നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Sep 17, 2025, 03:01 AM | 1 min read

ചെറുവത്തൂർ ചോദ്യങ്ങൾ എന്തുമാകട്ടെ കുട്ടികൾക്കുത്തരം എളുപ്പമാണ്. ചരിത്രമോ ശാസ്‌ത്രമോ കണക്കോ എന്തിന് എഐ കാലത്തെ വിവരസാങ്കേതിക വിദ്യയെക്കുറിച്ചോ... എന്തിനുമേതിനും മിടുക്കികളും മിടുക്കൻമാരും ഉത്തരമെഴുതിയപ്പോൾ അധ്യാപകർക്കും അത്ഭുതം. വിജ്ഞാനത്തിന്റെ പുതുവാതിൽ പ്രകാശിപ്പിച്ച് ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ പ്രാഥമിക മത്സരങ്ങൾ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും നടന്നു. ‘വീടില്ലാത്തവർക്ക്‌ വീടുവച്ചു നൽകാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്‌’ എന്നതായിരുന്നു എൽപി വിഭാഗത്തിൽ ആദ്യചോദ്യം. മിക്ക സ്കൂളുകളിലെയും ഭൂരിഭാഗം കുട്ടികളും ‘ലൈഫ്‌’ എന്ന ശരിയായ ഉത്തരമെഴുതി. ‘സമരം തന്നെ ജീവിതം’ എത് നേതാവിന്റെ ആത്മകഥയാണെന്നായിരുന്നു എൽപി വിഭാഗം മത്സരത്തിലെ ഒരുചോദ്യം. വി എസ് അച്യുതാനന്ദൻ എന്ന് ഉത്തരമെഴുതാൻ കുട്ടികൾക്ക് ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല. ‘സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഏതു രോഗം നേരത്തെ കണ്ടെത്തി പ്രതിരോധിക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ്‌– ആരോഗ്യം ആനന്ദം’ എന്നത്‌ യുപി വിഭാഗത്തിലെ ഒരു ചോദ്യമായിരുന്നു. കുറച്ചാലോചിച്ചെങ്കിലും ‘അർബുദം’ എന്ന ശരിയുത്തരമെഴുതി പലരും. ഹയർസെക്കൻഡറി വിഭാഗത്തിൽ ഭൂകമ്പ ബാധിത പ്രദേശമായ മ്യാൻമറിൽ ഇന്ത്യ നടത്തിയ ദുരന്ത നിവാരണ രക്ഷാപ്രവർത്തനത്തിന്റെ പേരെന്താണെന്ന ചോദ്യത്തിന് ഓപ്പറേഷൻ ബ്രഹ്മ എന്ന ശരിയായ ഉത്തരമെഴുതിയവരും നിരവധി. 550 ഓളം സ്കൂളുകളിലാണ് എൽപി, യുപി, ഹെെസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മത്സരം നടന്നത്. സ്കൂൾതല മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടിയവർക്ക്‌ 27ന് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്‌കൂൾ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്‌ നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌ എം കെ വി രാജേഷ്‌ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ടി ഗീത, പ്രധാനാധ്യാപകൻ കെ കൃഷ്‌ണൻ, കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി പി രാഗേഷ്‌, ടി നാരായണൻ എന്നിവർ സംസാരിച്ചു. ടി വി നന്ദകുമാർ സ്വാഗതവും എം ദേവദാസ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home