കാർത്യായനി 70–ാം വയസിൽ ബിരുദക്കാരി
പ്രായമേ, പാട്ടിന് പോ

വി ടി കാർത്യായനി വായനയിൽ

സ്വന്തം ലേഖകൻ
Published on Jul 11, 2025, 02:00 AM | 1 min read
കാഞ്ഞങ്ങാട്
‘പഠിപ്പിനെന്ത് പ്രായമെന്ന്’ കാർത്യായനി ചോദിക്കുന്നത് എഴുപതാംവയസിൽ ഫസ്റ്റ്ക്ലാസോടെ നേടിയ ബിരുദം ഉയർത്തിക്കാട്ടിയാണ്. മനസുണ്ടോ, മാർഗവുമുണ്ട് എന്ന് ലോകത്തോട് പറയുന്നുണ്ട് വെള്ളിക്കോത്തെ വി ടി കാർത്യായനിയുടെ വിജയകഥ. വിരമിച്ചാൽ ജീവിതം തീർന്നുവെന്ന് കരുതുന്ന സകലരും കഥകേൾക്കണം. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഹെഡ് ക്ലാർക്കായി വിരമിച്ചശേഷമാണ് പ്ലസ്ടുവും ബിരുദവും ഉയർന്ന മാർക്കോടെ വിജയിച്ചത്. 1971ൽ എസ്എസ്എൽസി പാസായ തൊട്ടടുത്തവർഷം ബീഡിത്തൊഴിലാളിയായ കൃഷ്ണന്റെ ഭാര്യയായി. കുടുംബജീവിതത്തിനിടയിലും ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷും മലയാളവും പരിശീലിച്ചു. 1976ൽ ദിനേശ് ബീഡി തൊഴിലാളി. അടുത്ത വർഷം 21-ാം വയസ്സിൽ ടൈപ്പിസ്റ്റായി സ്ഥിരനിയമനം. ഇതാണ് കഥയുടെ ഒന്നാംപകുതി. 2011ൽ വിരമിച്ചശേഷമാണ് ത്രസിപ്പിക്കുന്ന രണ്ടാംപകുതി. വിരമിച്ചതിന്റെ പിറ്റേവർഷം ഭർത്താവ് മരിച്ചു.ജോലിയും സർവീസ് സംഘടനാ പ്രവർത്തനവും ഒക്കെയായി 34 വർഷം തട്ടിൻപുറത്തുവച്ച പഠനമോഹം പൊടിതട്ടിയെടുത്തത് ഈ കാലയളവിൽ. തുല്യതാപദ്ധതി വഴി പ്ലസ്ടുവിന് പ്രവേശനം. 64-ാംവയസിൽ 83 ശതമാനം മാർക്കോടെ വിജയിച്ച കാർത്യായനി തിളക്കമാർന്ന വിജയം രഹസ്യമായിവച്ചു. 66-ാം വയസ്സിൽ കണ്ണൂർ സർവകലാശാലയിൽ ചരിത്രദ്യാർഥിയായിചേർന്നു. മൂന്നാംവർഷം ഒന്നാംക്ലാസോടെ ബിരുദം നേടിയ കാർത്യായനി ഇന്ന് വീട്ടിലും നാട്ടിലും തിളങ്ങുംതാരം. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ ചുമതലക്കിടയിലും കോളേജ് വിദ്യാർഥിനിയുടെ ചുറുചുറുക്കോടെ പഠിത്തത്തിൽ തിളങ്ങി. സമ്പൂർണ സാക്ഷരതായജ്ഞത്തിൽ അസി. പ്രൊജക്ട് ഓഫീസറായിരുന്നു.ബിരുദ പഠനത്തിനിടയിൽ ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. സിപിഐ എം തെരു ബ്രാഞ്ചംഗമാണ്. വെല്ലുവിളികൾ മുൻകൂട്ടി വിലയിരുത്തിയാൽ വഴിത്തിരിവ് എളുപ്പമാകുമെന്ന് കാർത്യായനി പറയുന്നു. മക്കളായ വി ടി ശൈലജയും (ഹയർ സെക്കൻഡറി അധ്യാപിക), നിഷയും(അസി. മാനേജർ കെഎസ്എഫ്ഇ ) നിഷാന്തും (യുഡി. ക്ലാർക്ക്, ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ്) കട്ടയ്ക്ക് കൂടെയുണ്ട്.









0 comments