അപകട സാധ്യതാ മേഖലകൾ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു

ചെറുവത്തൂർ
കാലവർഷ ദുരന്തം തടയാനുള്ള മുന്നൊരുക്കം ആരംഭിച്ചു. അപകടം നടന്നതും അപകട സാധ്യതയുളളതുമായ സ്ഥലങ്ങൾ ജില്ലാ അവലോകന യോഗത്തിൽ വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലങ്ങൾ സന്ദർശിച്ചു. ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ ഇൻസ്പെക്ടർ അർജുൻ പാൽ രജ്പുപുത്ത്, എസ്ഐ വികാസ് യാദവ് എന്നിവരുടെ നേതൃത്യത്തിൽ 26 അംഗ സംഘമാണ് ജില്ലയിലെ അപകട മേഖല സന്ദർശിക്കാനെത്തിയത്. കനത്ത മഴയുള്ള സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കണക്കിലെടുത്താണ് ആർക്കോണത്തുനിന്നുമെത്തിയ സംഘം രാവിലെ ബുധനാഴ്ച രാവിലെ വീരമലകുന്നും മട്ടലായിയിലും സന്ദർശിച്ചത്. അപകട സാധ്യതയുള്ള പ്രദേശം കണ്ടെത്തി പ്രദേശത്ത് ബോധവൽക്കരണം, പരിശീലനം എന്നിവ സംഘം നടത്തും. അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനും എൻഡിആർഎഫ് സംഘമുണ്ടാകും. വെള്ളക്കെട്ടിന് സാധ്യതയുള്ള മയിച്ച, കാര്യങ്കോട്, പാലായി, പൊടോതുരുത്തി എന്നിവിടങ്ങളിലും സേന സന്ദർശിച്ചു. തഹസിൽദാർ ടി ജയപ്രസാദ്, ദുരന്തനിവാരണ ഡെപ്യൂട്ടി തഹസിൽദാർ പി വി തുളസി രാജ്, ഹെഡ് കോർടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ ബാബു, ജിയോളജിസ്റ്റ് എസ് സൂരജ്, സോയിൽ കൺസർവേറ്റർ ഇ വി പ്രമോദ്, ചന്തേര പൊലീസ് ഇൻസ്‌പെക്ടർ കെ പ്രശാന്ത് എന്നിവരും സംഘത്തോടൊപ്പം ദുരന്തബാധിത പ്രദേശങ്ങളിലെത്തി. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവൻ എന്നിവരും ഒപ്പമുണ്ടായി.









0 comments