പിലിക്കോടിന് ഇരട്ടനേട്ടം ഹരിതപ്രഭയിൽ വീതുകുന്നും പാടീക്കിൽ സ്‌കൂളും

ദേവഹരിതം പുരസ്കാരം നേടിയ വീതു കുന്ന്

സ്വന്തം ലേഖകൻ
Published on Sep 16, 2025, 02:00 AM | 1 min read
പിലിക്കോട്
പിലിക്കോട് പഞ്ചായത്തിലെ ഒറ്റയാൻകുന്ന് എന്ന സവിശേഷതയുള്ള വീതുകുന്നിന് ഹരിതകേരളം ദേവഹരിത പുരസ്കാരത്തിൽ ഒന്നാംസ്ഥാനവും വിദ്യാലയങ്ങളിലെ പച്ചതുരുത്തിന് പാടിക്കീൽ ഗവ. യുപി സ്കളിന് രണ്ടാം സ്ഥാനവും. 10 ഏക്കറോളം വിസ്തീർണമുളള വീതുകുന്നിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തോടു ചേർന്ന് ആൽ, ആരയാൽ, വെങ്കണ തുടങ്ങിയ ഒറ്റപ്പെട്ട മരങ്ങളും അവിടവിടെയായി മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകളുമാണ് ഉണ്ടായിരുന്നത്. 2010 മുതൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനം ആരംഭിച്ചു. പൈതൃകം നാട്ടുവാഴ പദ്ധതി, പൈതൃകം നെൽവിത്ത് ഗ്രാമം, പൈതൃകം നാട്ടുമാവ്, വീത്കുന്ന് സ്മൃതി വനം, പേര ഗ്രാമം എന്നിവ നടപ്പിലാക്കി മൂന്ന് വർഷം വൃക്ഷത്തൈകളുടെ കണക്കെടുപ്പും പരിശോധനയും സംരക്ഷണ സമിതി നേതൃത്വത്തിൽ നടന്നു. 218 ഇനങ്ങളിലായി 1217 മരങ്ങളാണ് വനത്തിലുള്ളത്. കാനന സമാനമായ കുന്നിൽ ജന്തുക്കളുടെ കൂടി ആവാസ കേന്ദ്രമായി മാറി. അലങ്കാര വർണ ചെമ്പകങ്ങൾ, നെല്ലി, പ്ലാവ്, കുമുദ്,ചന്ദനം, അരളി, കൊന്ന, പാല, കശുമാവ്, കരിനെച്ചി, കൂവളം, കരിങ്ങാലി, താന്നി, തേക്ക്, നാടൻ ബദാം, മുള്ളുവേങ്ങ, വേപ്പ്, തെങ്ങ്, കവുങ്ങ് തുടങ്ങിയ മരങ്ങളാണ് പ്രധാനമായുള്ളത്. പാടീക്കിൽ ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് സഹായത്തോടെ 36 സെന്റ് സ്ഥലത്തെ പച്ചത്തുരുത്തിൽ 14 ഇനങ്ങളിലായി 150 ഓളം മരങ്ങളുണ്ട്. കാഞ്ഞിരം, മാവ്, പ്ലാവ്, ചന്ദനം തുടങ്ങിയ മരങ്ങളാണ് പച്ചത്തുരുത്തിലുള്ളത്. പുല്ലു പോലും മുളക്കാത്ത പാറയിലാണ് ഹരിതാഭമായ പച്ചത്തുരുത്ത് തല ഉയർത്തി നിലക്കുന്നതെന്നാണ് മുൻ മന്ത്രി തോമസ് ഐസക് കുറിച്ചത്. ഒരേക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് ജൈവ വൈവിധ്യ ഉദ്യാനം. നൂറിലധികം മരങ്ങളും ചെടികളും കുളവും എല്ലാമുള്ള ഉദ്യാനം ഏവരേയും ആകർഷിക്കും. ഔഷധത്തോട്ടവും ശലഭോദ്യാനവുമുണ്ട്.









0 comments