അടുത്തയാഴ്ച മുതല്‍ വിദ്യാര്‍ഥികളെത്തും

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

കാസർകോട് ഗവ.മെഡിക്കൽ കോളജ്
വെബ് ഡെസ്ക്

Published on Sep 20, 2025, 03:00 AM | 1 min read

കാസര്‍കോട്​

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കോളേജിൽ 50 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം ലഭിക്കും. വിദ്യാര്‍ഥികള്‍ 22 മുതൽ എത്തും. ഒരുക്കം വിലയിരുത്താന്‍ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ​ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ ക്ലാസ് മുറികൾ സജ്ജമാണ്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കളയില്‍ താല്‍ക്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. ഭക്ഷണ സൗകര്യം ഒരുക്കാനും മെഡിക്കല്‍ കോളേജില്‍ മിനി കഫെറ്റേരിയ ആരംഭിക്കാൻ കുടുംബശ്രീ മിഷന് നിര്‍ദ്ദേശം നല്‍കി. ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെയാണ് താല്‍ക്കാലിക ഹോസ്റ്റല്‍ ഉപയോഗിക്കുക. ​ക്യാമ്പസില്‍ പൊലീസ് എയ്ഡ്പോസ്റ്റ് ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു. മെഡിക്കല്‍ കോളേജിലേക്ക്‌ പൊതു ഗതാഗത സൗകര്യം വിലയിരുത്തി കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആര്‍ടിഒയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി 24ന് വൈകിട്ട് നാലിന് കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ബസ്സ് ഓണേഴ്സ് ക്യാബ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം ചേരും. പഠനാവശ്യത്തിനായുള്ള വിവിധ പഠന വകുപ്പുകളുടെ ലാബ് സംവിധാനം നവംബറിൽ പൂര്‍ത്തിയാക്കുമെന്ന് കെഎംഎസ് സിഎല്‍ പ്രതിനിധി അറിയിച്ചു. ​ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ്, മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയഡുക്ക പഞ്ചായത്തിലെ രണ്ട് ഹരിതകര്‍മസേനാംഗങ്ങളെ മാലിന്യനിർമാർജനത്തിന് സ്ഥിരമായി കോളേജിലേക്ക് ചുമതലപ്പെടുത്തും. മെഡിക്കല്‍ കോളേജിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍ ഓണ്‍ലൈനായി പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home