അതാ അങ്ങോട്ട്‌ നോക്കൂ... മാണിയാട്ട്‌ ‘കഥാകാലം’ വീണ്ടും

.
വെബ് ഡെസ്ക്

Published on Sep 26, 2025, 02:45 AM | 2 min read

കഥാപ്രസംഗ 
മഹോത്സവത്തിന്‌ 
ഇന്ന്‌ തുടക്കം

തൃക്കരിപ്പൂർ കേരള സംഗീത നാടക അക്കാദമിയുടെ 'കഥാകാലം' ഉത്തരമേഖല കഥാപ്രസംഗ മഹോത്സവം വെള്ളിയാഴ്‌ച മാണിയാട്ട്‌ തുടങ്ങും. കാസർകോട് ജില്ലാ കേന്ദ്ര കലാസമിതി, മാണിയാട്ട് വിജ്ഞാനദായിനി വായനശാല എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ശിൽപശാല വൈകിട്ട് നാലിന്‌ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ മുഖ്യാതിഥിയാകും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും. രാവിലെ 9.30ന് ആരംഭിക്കുന്ന ശിൽപശാലയിൽ പ്രഗത്ഭരായ കഥാപ്രസംഗകർ ക്ലാസെടുക്കും. ദിവസവും വൈകീട്ട് കഥാപ്രസംഗ അവതരണവുമുണ്ട്‌. അക്കാദമിയുടെ കഥാപ്രസംഗ ശിൽപശാലക്ക്‌ രണ്ടാംതവണയാണ് മാണിയാട്ട് വേദിയാകുന്നത്‌. 28 ന് സമാപന സമ്മേളനം വസന്തകുമാർ സാംബശിവൻ ഉദ്ഘാടനംചെയ്യും. ഗായത്രി വർഷ മുഖ്യാതിഥിയാകും. തെരഞ്ഞെടുക്കപ്പെട്ട 30 പേർ ശിൽപശാലയിൽ പങ്കെടുക്കും.


വാക്കുകളുടെ മിന്നലിൽ കോരിത്തരിച്ച കാലം

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ ​ഒഥല്ലോയുടെ ഡെസ്ഡിമോണയും മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബയും കെടാമംഗലത്തിന്റെ ‘രമണൻ’ കഥയും നിറഞ്ഞ വേദിയിൽ കഥാപ്രസംഗം അവതരിപ്പിച്ച ഓർമയിലാണ് ചെറുവത്തൂർ കൊവ്വലിലെ സി കെ പുഷ്പ. കൊവ്വലിലെ വി വി സ്മാരക കലാവേദി ഒരുക്കിയ വേദിയിലൂടെയാണ് കഥാപ്രസംഗ രംഗത്തെത്തിയത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് കേരള സംഗീത നാടക അക്കാദമി കഥാപ്രസംഗ ശിൽപശാല മാണിയാട്ട് നടക്കുന്നുണ്ടെന്നറിയുന്നത്. കലാവേദിയിലെ കെ കെ നായരാണ് ശിൽപശാലയിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. അന്ന് രണ്ടാമത്തെ ദിവസമാണ് കഥാപ്രസംഗ മത്സരം ഉണ്ടായത്. മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കൊവ്വൽ എയുപി സ്കൂളിലും താൽകാലിക അധ്യാപികയായിരുന്നു. എന്നാ താൻ കേസ്‌ കൊട്‌, ഒരു ജാതി ജാതകം സിനിമയിലും അഭിനയിച്ചു. ചിത്രീകരണം പൂർത്തിയായ അത് ഞാൻ തന്നെ എന്ന സിനിമയിലും വേഷമിട്ടു. ഇപ്പോൾ കാഞ്ഞങ്ങാട് യൂണിവേഴ്സൽ കോളേജിൽ ജോലിചെയ്യുന്നു. നീലേശ്വരം പള്ളിക്കരയിലാണ് താമസം. ചെറുവത്തൂരിലെ കെ തമ്പാൻ നായരായിരുന്നു കഥാപ്രസംഗത്തിലെ ഗുരു. ഇദ്ദേഹത്തിന്റെ ദുഃഖ സ്വപ്നം, യവനിക, സൗപർണിക, യുവജനോത്സവം തുടങ്ങിയ നിരവധി കഥകൾവേദിയിൽ അവതരിപ്പിച്ചു.



നിത്യ ഹരിത കാഥികൻ

തൃക്കരിപ്പൂർ

എന്നെ കാഥികനാക്കിയത് സംഗീത നാടക അക്കാദമിയാണന്ന് കഥാപ്രസംഗ വേദികളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന ഉദിനൂരിലെ കൃഷ്ണകുമാർ പള്ളിയത്ത് പറയുന്നു. 1990ൽ അക്കാദമി സംഘടിപ്പിച്ച കഥാപ്രസംഗ ശിൽപശാലയാണ്‌ രംഗത്ത്‌ സജീവമാകാൻ പ്രേരിപ്പിച്ചത്‌. ഉദിനൂർ സെൻട്രൽ എയുപി സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കഥ പറയാനും കവിത ചൊല്ലാനും തൽപരനായിരുന്നു. അധ്യാപകരാണ് കഥാപ്രസംഗം പറയാൻ പ്രേരണ നൽകിയത്. പൂമ്പാറ്റ മാസികയിലെ സി പി പള്ളിപ്പുറമൊക്കെ എഴുതിയിരുന്ന ചെറിയ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചായിരുന്നു തുടക്കം, മുട്ടു മറയാത്ത ട്രൗസറും മുറിയൻ കൈ ഷർട്ടുമിട്ട് കൂട്ടുകാരുടേയും, ഗുരുനാഥൻ മാരുടേയും മുന്നിൽ കഥ പറഞ്ഞാണ് കൈയ്യടി നേടിയത്. "കാഥികനല്ലകലാകാരനല്ല ഞാൻകേവലമൊരു കൊച്ചു വിദ്യാർഥി മാത്രം.. തെറ്റുകൾ വല്ലതും വന്നുപോയാൽ കുറ്റപ്പെടുത്തല്ലെ നിങ്ങളെന്നെ’എന്നുപാടി ചാവേർ ചന്തുണ്ണിയുടെയും, ഭഗത് സിങിന്റെയുമൊക്കെ കഥപറഞ്ഞു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമൊക്കെ കഥാപ്രസംഗത്തിൽ മത്സരിച്ച് സമ്മാനാർഹനായി. പത്തൊമ്പതാമത്തെ വയസിലാണ് കേരള സംഗീത നാടക അക്കാദമി നടത്തിയ കഥാപ്രസംഗ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാംസ്ഥാനത്തിന് അർഹത നേടുകയും ചെയ്തത്. കഥാപ്രസംഗ പഠനത്തിന് കേരള സംഗീത നാടക അക്കാദമിയുടെ സ്കോളർഷിപ്പും നേടി.സാംബശിവൻ, കെടാമംഗലം തുടങ്ങിയ മഹാരഥൻമാർ നയിച്ച ശിൽപശാലകളിൽ പങ്കെടുക്കാനായത് കഥാപ്രസംഗത്തിന്റെ ഉള്ളറകളെ തൊട്ടറിയാൻ സഹായകമായി. പള്ളിക്കര ഗവ. വെൽഫയർ എൽപി സ്‌കൂൾ പ്രധാനധ്യാപകനായ പള്ളിയത്ത് സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home