കളിയിലുമുണ്ട് കാര്യം

പി മഷൂദ് തൃക്കരിപ്പൂർ
Published on Nov 23, 2025, 03:00 AM | 1 min read
ഫുട്ബോൾ കളിച്ച് നടക്കുന്ന ചെക്കന് തെരഞ്ഞെടുപ്പിൽ എന്തുകാര്യം? കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനിൽ മനു മത്സരിക്കാനെത്തിയപ്പോൾ എതിരാളികൾ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചത് ഇങ്ങനെയായിരുന്നു. സംവരണ സീറ്റിൽ കന്നി മത്സരത്തിനെത്തിയ മനുവിന് അന്ന് 29 വയസുമാത്രം. ഫുട്ബോൾ ഭ്രാന്തനായ മനു എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മിന്നുന്ന വിജയം നേടി. കളിയിൽ മാത്രമല്ല, ജനപ്രതിനിധിയെന്ന നിലയിലും തകർപ്പൻ പ്രകടനമായിരുന്നു എം മനുവിന്റേത്. അഞ്ചുവർഷത്തിനിടെ ഡിവിഷനിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന പ്രവത്തനങ്ങൾ. സൗമ്യമായ പെരുമാറ്റത്താൽ നാടിന്റെ ഹൃദയംകവർന്ന മനു ഇത്തവണ ജനറൽ സീറ്റിൽ രണ്ടാമൂഴത്തിനിറങ്ങുകയാണ്. രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റായ മനു പുതുതലമുറയോടും മുതിർന്ന തലമുറയോടും ഒരുപോലെ സംവദിക്കുന്നയാളാണ്. ഏപ്പോഴും ആളുകൾക്കും ആരവങ്ങൾക്കും ഇടയിൽ. തൃക്കരിപ്പൂർ –മാത്തിൽ മെക്കാഡം റോഡ്, ചക്രപാണി കുളം, കാപ്പുകുളം നവീകരണം, കാലിക്കടവ്, തൃക്കരിപ്പൂർ ഓപ്പൺ ഫിറ്റ്നസ് സെൻ്റർ, ഓലാട്ട് –നിടുംബ റോഡ് ടാറിങ്, കാലിക്കടവ് വനിതാ ജിംനേഷ്യം വറക്കോട്ട് വയൽ പകൽ വിശ്രമകേന്ദ്രം തുടങ്ങി എത്രയോ വികസനനേട്ടങ്ങളുണ്ട് പിലിക്കോടിന് ഉയർത്തിക്കാട്ടാൻ. ഡിവിഷനിൽ നടപ്പാക്കിയ 12.77 കോടിയുടെ വികസനം പറഞ്ഞാണ് മനുവിന്റെ വോട്ടഭ്യർഥന. പിലിക്കോട് പഞ്ചായത്തിലെ ഓലാട്ടായിരുന്നു ശനിയാഴ്ച എൽഡിഎഫ് പ്രവർത്തകർക്കൊപ്പം വോട്ടർമാരെ കാണാനെത്തിയത്. രാവിലെ തൃക്കരിപ്പൂർ ഹയർസെക്കൻഡറി മൈതാനത്ത് പതിവ് ഫുട്‌ബോൾ കളിക്ക് ശേഷമായിരുന്നു പര്യടനം. പ്രഭാത നടത്തക്കാരോടും ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ഫിറ്റ്നസ് സെന്ററിലും മിനി സ്റ്റേഡിയത്തിലും വ്യായാമത്തിനെത്തുന്നവരോടും കുശലം പറഞ്ഞ് പിന്തുണ ഓർമിപ്പിച്ചു. സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി കഴിയാവുന്നത്ര പേരെ നേരിൽകണ്ടു. സമീപത്തെ വീടുകളിലും ഓട്ടപ്രദക്ഷിണം നടത്തി. മനു തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് കളിക്കളത്തിലെ കൂട്ടുകാരായിരുന്ന വളപട്ടണം റഷീദും യു പി ഇഖ്ബാലും ഷറഫുദ്ദീനും അനൂപ് ദില്ലും പറയുന്നു. വ്യത്യസ്ത രാഷ്ട്രീയപാർടിയിൽ വിശ്വസിക്കുന്നവരാണെങ്കിലും മനുവിന് പിന്തുണയുമായി എല്ലാവരുമുണ്ട്. ആദ്യഘട്ടത്തിൽ കഴിയുന്നത്ര വീടുകൾ കയറി ആകാവുന്ന വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി. റാന്തൽ വിളക്കാണ് ചിഹ്നം.








0 comments