മധുരം നൽകി വരവേറ്റു
ഗുർവിന്ദർ സിങ് ആദ്യ എംബിബിഎസ് വിദ്യാർഥി

കാസര്‍കോട്
രാജസ്ഥാനിലെ ആൾവാർ സ്വദേശി ഗുർവിന്ദർ സിങ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ എംബിബിഎസ് വിദ്യാർഥി. അഖിലേന്ത്യാ മെഡിക്കൽ ക്വാട്ടയിൽനിന്നാണ് ഗുർവിന്ദർ പ്രവേശനം നേടിയത്. ആദ്യ വിദ്യാർഥിയായി ചരിത്രത്തിൽ ഇടം നേടിയ ഗുർവിന്ദറിനെ മധുരം നൽകിയാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രവീൺ കുമാറും മറ്റ് ജീവനക്കാരും ചേർന്ന് വരവേറ്റത്. തിങ്കളാഴ്‌ച രാവിലെ എത്തിയാണ് ഗുർവിന്ദർ പ്രവേശന നടപടി പൂർത്തിയാക്കിയത്. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിൽ ഇൗ വർഷമാണ് എംബിബിഎസ് പ്രവേശനത്തിന് അനുമതി നൽകി നാഷണൽ മെഡിക്കൽ കൗൺസിൽ ഉത്തരവായത്. എൽഡിഎഫ് സർക്കാർ ഓണസമ്മാനമായി 22ന് തന്നെ ഒന്നാം വർഷ ക്ലാസ് ആരംഭിക്കമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. രണ്ടാംഘട്ട അലോട്ട്‌മെന്റ് വൈകിയതോടെ എല്ലായിടത്തും ക്ലാസുകൾ ആരംഭിക്കുന്നത് വൈകിയെങ്കിലും കാസർകോട് നിശ്‌ചിത തീയതിയിൽ പ്രവേശന നടപടി തുടങ്ങി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഒന്നാം ഘട്ട അലോട്‌മെന്റിനുശേഷമാണ് കാസർകോട് കോളേജിൽ പ്രവേശനത്തിന് ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയായത്. രണ്ടും മൂന്നും അലോട്ട്‌മെന്റ് പൂർത്തിയായി 30 നകം മുഴുവൻ കുട്ടികളും പ്രവേശനം നേടുമെന്ന് പ്രിൻസിപ്പൽ ഡോ. പി എസ് ഇന്ദു പറഞ്ഞു. 50 പേർക്കാണ് ഈ വര്‍ഷം പ്രവേശനം ലഭിക്കുക. ഇതിൽ ഏഴ് സീറ്റ് റാങ്ക് പട്ടികയിലെ അഖിലേന്ത്യ ക്വാട്ടയിൽനിന്നും 43 സീറ്റ് സംസ്ഥാന ക്വാട്ടയിൽനിന്നുമാണ്. അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർ 25നകം പ്രവേശന നടപടി പൂർത്തിയാക്കും. അടുത്തയാഴ്‌ച നടക്കുന്ന ആദ്യബാച്ചിന്റെ ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി വീണാജോർജ് ഉൾപ്പെടെ പങ്കെടുക്കും.ജനറൽ ആശുപത്രിയാണ് താൽക്കാലികമായി ടീച്ചിങ് ആശുപത്രിയായി പ്രവർത്തിക്കുക. 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്ന മുറയ്‌ക്ക് പ്രയോഗിക പരിശീലനം മെഡിക്കൽ കോളേജ് ക്യാന്പസിലേക്ക് മാറും. നിലവിൽ പ്രവേശനം നേടുന്ന ബാച്ചിന്റെ രണ്ടാംവർഷ പഠനം ആരംഭിക്കുന്നതിന് മുന്പായി 500 കിടക്കകളുള്ള ടീച്ചീങ് ആശുപത്രി ക്യാന്പസിൽ തന്നെ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇവിടെ ഒപിയും ലാബോറട്ടറിയും ഉൾപ്പെടെയുള്ള വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.









0 comments