തെരുവുനായ പേയിളകി ചത്തു ശ്രദ്ധ വേണം

നീലേശ്വരം
കടിഞ്ഞിമൂല, തൈക്കടപ്പുറം ഭാഗത്ത് തിങ്കൾ രാത്രി മുതൽ പരിഭ്രാന്തി പരത്തിയ തെരുവ് നായ പേയിളകി ചത്തു. നാലാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ 11 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. തെരുവുനായയുടെ കടിയേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബുധൻ രാവിലെ നടത്തിയ പരിശോധനയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. റാപിഡ് പരിശോധനയിൽ പരിശോധനാഫലം പോസിറ്റീവായി. നായയെ പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂരിലെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ജില്ലാ ഭരണകൂടവുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്ന് നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത പറഞ്ഞു. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് ഐഡിആർവി വാക്സീനാണു നൽകുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും വാക്‌സിൻ ലഭ്യമാണ്. ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളിൽ നക്കൽ, ചുണ്ടിലോ വായയിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി, എന്നിവയേറ്റാൽ ആന്റി റേബീസ് ഇമ്യൂണോ ഗ്ലോബുലിനാണു നൽകുക. ഇതിനുള്ള സൗകര്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.









0 comments