രാസവളക്ഷാമം പരിഹരിക്കണം: കർഷകസംഘം

കാസർകോട് കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്നങ്ങളിൽ വലയുന്ന കർഷകർ രാസവളക്ഷാമം കൂടിയായതോടെ സങ്കീർണ പ്രതിസന്ധിയിലാണെന്നും ഇതുപരിഹരിക്കാൻ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും കർഷകസംഘം ജില്ലാകമ്മിറ്റി. ഇറക്കുമതിയിലെ കുറവും ഉൽപാദനത്തിലുണ്ടായ ഇടിവും സംസ്ഥാനത്തിനും ലഭിക്കേണ്ട കേന്ദ്രവിഹിതം കുറഞ്ഞതുമാണ് ക്ഷാമത്തിന് മുഖ്യകാരണം. ചില മൊത്ത വ്യാപാരികൾ കൃത്രിമ ക്ഷാമവുമുണ്ടാക്കുന്നുമുണ്ട്. പൊട്ടാഷ്, യൂറിയ ലഭിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. നെല്ല് ഉൽപാദനത്തെയാവും വളം ദൗർലഭ്യം കാര്യമായി ബാധിക്കുക. രണ്ടുമാസംമുന്പ് വളങ്ങളുടെ വില കുത്തനെ കൂട്ടിയതും കർഷകർക്ക് തിരിച്ചടിയാണ്. പൊട്ടാഷിന് ചാക്കിന് 250 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. മഴ മാറി തെങ്ങ് കവുങ്ങ്, റബ്ബർ, കുരുമുളക് എന്നിവയ്ക്ക് വളപ്രയോഗം നടത്തേണ്ട സമയമായെങ്കിലും രാസവളങ്ങൾ വേണ്ടത്ര ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. ഇതുപരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമനും സെക്രട്ടറി പി ജനാർദനനും പ്രസ്താവനയിൽ പറഞ്ഞു.









0 comments