കൂട്ടാവാൻ കളിപ്പാട്ടങ്ങളും; കൂട്ടായി നിർമിച്ച് സ്‌കൂളുകൾ

ചെറുവത്തൂർ
പുതിയ അധ്യയനവർഷം ഒന്നാം ക്ലാസിലെത്തുന്ന കൂട്ടുകാരെ വരവേൽക്കാൻ കളിപ്പാട്ടങ്ങളൊരുക്കുന്ന തിരക്കിലാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരും രക്ഷിതാക്കളും. കടയിൽനിന്നും നേരിട്ട് വാങ്ങുന്നതിനുപകരം സ്വന്തമായി നിർമിച്ചെടുക്കുകയാണ് പല വിദ്യാലയങ്ങളും. ഇതിനായി പ്രത്യേക ശിൽപശാല നടത്തി അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട സംഘം വ്യത്യസ്തവും കൗതുകകരവുമായ കളിപ്പാട്ടങ്ങൾ ഒരുക്കുകയാണ്. പൂക്കൾ, പൂമ്പാറ്റകൾ, പാവകൾ, വിശറി , കാറ്റാടി, പമ്പരം തുടങ്ങി കുട്ടികൾക്ക് ഇഷ്ടപ്പെടുന്നവയാണ് ഒരുക്കുന്നത്. ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിൽ നടന്ന ശിൽപശാലയിൽ മുൻ പ്രധാനധ്യാപകനും പാഠപുസ്തക സമിതി അംഗവുമായ പ്രമോദ് അടുത്തില നേതൃത്വം നൽകി. പ്രധാനാധ്യാപിക പി കെ സുനിത, പിടിഎ പ്രസിഡന്റ് പി ശശിധരൻ,കെ വി അനിത, പി റീന, എം വി സുരേഷ്, കെ സൂര്യ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.









0 comments