വെസ്റ്റ് എളേരി ലീഗിൽ പൊട്ടിത്തെറി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തു

ഭീമനടി
വെസ്റ്റ് എളേരിയിൽ മുസ്ലിംലീഗിൽ പൊട്ടിത്തെറി. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ലീഗ് നേതാവ് പി സി ഇസ്മയിലിനെ സസ്പെൻഡ് ചെയ്‌തു. അഴമതിയിലും കെടുകാര്യസ്ഥതയിലും പൊറുതിമുട്ടിയ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ നയിച്ച ലീഗ് നേതാവാണ് ഇസ്മയിൽ. പ്രസിഡന്റ് സ്ഥാനം പട്ടികവർഗ വനിത സംവരണമായിരുന്നു. കോൺഗ്രസിലെ ഗിരിജ മോഹനനാണ് പ്രസിഡന്റ്. നാളിതുവരെ ഒരു ഭരണനേട്ടവും അവകാശപ്പെടാനില്ലാത്ത ഭരണസമിതിക്ക് മുന്പ് തുടങ്ങിവച്ച പ്രവൃത്തികളിലെ തുടർ പ്രവർത്തികളിലും അഴിമതിയും ധൂർത്തും നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഗത്യന്തരമില്ലാതെ വൈസ് പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പാർടിയിൽനിന്ന് പുറത്താക്കിയാൽ ഭരണം വലിച്ചുതഴെയിടും എന്ന് വൈസ് പ്രസിഡന്റ് ഭീഷണി മുഴക്കിയതായാണ് വിവരം. നിലവിൽ 18ൽ 10 സീറ്റ് ഉള്ള യുഡിഎഫിൽ ഒരു സ്വതന്ത്രയടക്കം മൂന്ന് പ്രതിനിധികളാണ് ലീഗിനുള്ളത്. ഇതിൽ ഒരാൾ വൈസ് പ്രസിന്റിനെ അനുകൂലിക്കുന്നു. ഇത് യുഡിഫിനെയും ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് നിരവധി ആരോപണം ഉണ്ടായിട്ടും ഇതുവരെ ഇസ്മയിലിനെ പുറത്താക്കാൻ സാധിക്കാതിരുന്നത്. ലീഗിന്റെ പ്രതിച്ഛായ തകർക്കുന്ന പ്രവർത്തനം നടത്തിയതും അഴിമതിയുമാണ് നടപടിക്ക് കാരണമായി നേതൃത്വം പറയുന്നത്.









0 comments