സൈക്കിൾ ബെൽ മുഴങ്ങുന്നുണ്ട്
ദാമോദരേട്ടൻ പുസ്‌തകവുമായെത്തി

എച്ച് കെ ദാമോദരൻ സെെക്കിളിലെത്തി വീടുകളിൽ പുസ്തകം നൽകുന്നു
ടി കെ പ്രഭാകരകുമാര്‍
Published on Mar 21, 2025, 02:30 AM | 1 min read
കാഞ്ഞങ്ങാട്
ഇന്ന പുസ്‌തകം വേണമെന്ന് പറഞ്ഞ് വിളിച്ചറിയിച്ചാൽ മതി. മണിക്കൂറുകൾക്കുള്ളിൽ വീട്ടുമുറ്റത്ത് സൈക്കിൾ ബെൽ മുഴങ്ങും. സൈക്കിളിൽ സഞ്ചരിച്ച് പുസ്തകങ്ങൾ വീടുകളിലെത്തിക്കുകയാണ് കുശാൽനഗറിലെ എച്ച് കെ ദാമോദരൻ. കുശാൽ നഗർ നായനാർ സ്മാരക ഗ്രന്ഥാലയം സെക്രട്ടറിയായ ഇദ്ദേഹം ഇവിടെനിന്ന് പുസ്തകങ്ങളെടുത്ത് വീടുകളിലെത്തിക്കുന്നു. പത്തുവർഷമായി ദൗത്യം തുടങ്ങിയിട്ട്. 76 വീടുകളിൽ പുസ്തകമെത്തിച്ചു. വീടുകളിൽപോയി പുസ്തകം വായിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പൂർണമായും വായിച്ചിട്ടുണ്ടെന്ന് വ്യക്തമായാൽ തിരികെവാങ്ങും. വായനക്കാർ ഗ്രന്ഥാലയത്തിലേക്ക് വന്നില്ലെങ്കിൽ അവരെതേടി പുസ്തകങ്ങളുമായെത്തും. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗംകൂടിയായ ദാമോദരൻ എഴുത്തുകാരൻ, നാടകകൃത്ത്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും അംഗീകാരം നേടി. ‘ഹൃദയതാളം’ കഥാസമാഹാരവും പുറത്തിറക്കി. നോവലും രചിച്ചു. ദേശാഭിമാനി വാരികയിൽ നിരവധി കഥകൾ പ്രസിദ്ധീകരിച്ചു. ദുർഗാ ഹൈസ്കൂൾ സിൽവർ ജൂബിലി സാഹിത്യമത്സരത്തിൽ ഒന്നാംസ്ഥാനം നേടി. അദ്ദേഹത്തിന്റെ ‘ഞങ്ങൾക്ക് മരണമില്ല’ തെരുവുനാടകം അതിയാമ്പൂർ ബാലബോധിനി വായനശാല പ്രവർത്തകർ അവതരിപ്പിച്ചു. ഹൊസ്ദുർഗ് ഭാവനാ ക്ലബ് അവതരിപ്പിച്ച പുഷ്പാഞ്ജലിയും കുശാൽനഗർ കലാവേദിയുടെ ഉഷ്ണക്കാറ്റും ദാമോദരന്റെ രചനകളാണ്. ദേശാഭിമാനി ബാലസംഘം ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ്, എസ്എഫ്ഐ താലൂക്ക് പ്രസിഡന്റ്, ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി, സിപിഐ എം ഹൊസ്ദുർഗ്, കുശാൽനഗർ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1978ൽ കാഞ്ഞങ്ങാട്ട് പഞ്ചായത്തംഗമായിരുന്നു. ഡിവൈഎഫ്ഐ താലൂക്ക് ഓഫീസ് പിക്കറ്റിങ്ങിൽ പങ്കെടുത്തതിന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. കാഞ്ഞങ്ങാട് ടൗണിൽ ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ പോസ്റ്റർ പതിച്ചതിന്റെ പേരിൽ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. ഭാര്യ : പി മീനാക്ഷി. ദിവ്യ, ദീഷ്മ, ദൃശ്യ എന്നിവർ മക്കൾ.









0 comments