വരൂ, വായിക്കാം


സ്വന്തം ലേഖകൻ
Published on May 17, 2025, 02:45 AM | 1 min read
കാഞ്ഞങ്ങാട്
വായനക്കാരുടെ ഒഴുക്കാണ് പുസ്‌തകോത്സവ നഗരയിലേക്ക്. മുമ്പില്ലാത്തവിധം വായനയിലേക്ക് പുതുതലമുറ അടുക്കുന്നതിന് തെളിവാണ് ദുർഗ ഹയർസെക്കൻഡറി പുസ്‌തകോത്സവ നഗരിയിൽ യുവതയുടെ സാന്നിധ്യം. ഇഷ്ടപുസ്തകങ്ങൾ തെരഞ്ഞെടുക്കാനും പരിചയപ്പെടാനും ധാരാളം പേർ മേളയിലെത്തുന്നു. ലൈബ്രറികൾക്കും വ്യക്‌തികൾക്കും 35 ശതമാനം വരെ വിലക്കിഴിവിൽ മലയാള പുസ്‌തകവും 20 ശതമാനം വിലക്കുറവിൽ ഇംഗ്ലീഷ് പുസ്‌തകങ്ങളും സ്വന്തമാക്കാം. 140 സ്‌റ്റാളുകൾ മേളയിലുണ്ട്. ചിന്താ പബ്ലിക്കേഷൻസ് മേളയിലെ സജീവ സാന്നിധ്യമാണ്. ബാലസാഹിത്യം, നാടകം, രാഷ്‌ട്രീയം, നോവൽ, കഥ, കവിത, റഫറൻസ് ഗ്രന്ഥങ്ങൾ വരെ ചിന്തയിൽ നിന്ന് വാങ്ങാമെന്ന് സോണൽ മാനേജർ സി പി രമേശൻ പറഞ്ഞു. എം വി ജനാർദനന്റെ ‘പെരുമലയൻ’, ഡോ. എം എം സിദ്ദിഖിന്റെ ‘കുമാരു 28 മണിക്കൂർ’, യുവ എഴുത്തുകാരൻ മിഥുൻകൃഷ്‌ണയുടെ ‘അപരസമുദ്ര’, ജെ ആർ അനിയുടെ ‘ആരണ്യകാണ്ഡം’, കെ എ ബീനയുടെ ‘ആ കസേര ആരുടേതാണ്’, സന്തോഷ്‌കുമാർ ചെറുപുഴയുടെ ‘പകലും രാത്രിയും’ എന്നിവ സ്‌റ്റാളിലുണ്ട്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ കമ്യൂണിസ്‌റ്റ് പാർടികളുടെ ചരിത്രത്തിലൂടെ, സീതാറാം യെച്ചൂരിയുടെ ഓർമ പുസ്‌തകം, പി എസ് പുഴനാടിന്റെ റെഡ് ആഫ്രിക്ക, മനോ തങ്കരാജിന്റെ നരേന്ദ്രമോഡിയോട് രാജ്യം ചോദിക്കുന്ന 108 ചോദ്യങ്ങൾ, എ കെ നാരായണൻ, പി രാഘവൻ എന്നിവരുടെ ഓർമപുസ്‌തകങ്ങൾ എന്നിവയും ചിന്തയിൽനിന്ന് വാങ്ങാം.









0 comments