അവധിക്കു മുമ്പേ പുസ്‌തകം റെഡി

കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ ജില്ലാ ഡിപ്പോയിലേക്കുള്ള പാഠപുസ്‌തകങ്ങൾ ലോറിയിൽനിന്നും ഇറക്കുന്നു

കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ ജില്ലാ ഡിപ്പോയിലേക്കുള്ള പാഠപുസ്‌തകങ്ങൾ ലോറിയിൽനിന്നും ഇറക്കുന്നു

avatar
കെ സി ലൈജുമോൻ

Published on Mar 10, 2025, 03:00 AM | 1 min read

കാസർകോട്

സ്കൂളുകളിൽ അടുത്ത അധ്യയനവർഷം വിതരണം ചെയ്യാനുള്ള പാഠപുസ്‌തകങ്ങൾ ജില്ലാ ഡിപ്പോയിലേക്ക്‌ എത്തിത്തുടങ്ങി. ഈ അധ്യയനവർഷം മാറിയ പുസ്‌തകങ്ങളെല്ലാം അച്ചടി പൂർത്തിയാക്കി കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലുള്ള പുസ്‌തക ഡിപ്പോയിൽ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ്‌ വിപുലമായ ഒരുക്കമാണ്‌ നടത്തിയത്‌. ജില്ലയിലെ കുട്ടികൾക്ക്‌ ആവശ്യത്തിനുള്ള 95 ശതമാനം പുസ്‌തകവും എത്തിക്കഴിഞ്ഞു. 2, 4, 6, 8, 10 ക്ലാസുകളിലെ പുസ്‌തകങ്ങൾ അടുത്ത അധ്യയന വർഷം മാറുന്നവയാണ്‌. ഇതിന്റെ അച്ചടിയും അവസാനഘട്ടത്തിലാണ്‌. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലായി എല്ലാ പുസ്‌തകവും ജില്ലാ ഡിപ്പോയിലെത്തിക്കുമെന്നാണ്‌ അധികൃതർ അറിയിച്ചിട്ടുള്ളത്‌. ജൂണിൽ സ്‌കൂളുകൾ തുറക്കുംമുമ്പേ എല്ലാ കുട്ടികൾക്കും പുസ്‌തകം ലഭ്യമാക്കുന്ന വിധമാണ്‌ ഒരുക്കങ്ങളെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി മധുസൂദനൻ പറഞ്ഞു. ഓരോ ഉപജില്ലയിലേക്കും ആവശ്യമുള്ള പുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക്‌ നിർദേശവും നൽകി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായാണ് പുസ്തകം നൽകുന്നത്. കഴിഞ്ഞ ഏതാനും വറഷങ്ങളായി സ്‌കൂൾ തുറക്കുംമുമ്പേ പാഠപുസ്‌തകങ്ങൾ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്‌ സാധിച്ചിരുന്നു. ഇത്തവണയും നേരത്തെ തന്നെ പുസ്‌തകങ്ങളുടെ വിതരണം പൂർത്തിയാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ സൊസൈറ്റികൾ വഴിയാണ് പുസ്‌തകങ്ങളുടെ വിതരണം. സ്‌കൂൾ തുറക്കുംമുമ്പേ പാഠപുസ്‌തകങ്ങൾ കൈയിലെത്തുന്നതിലൂടെ പഠനകാര്യത്തിൽ ഓരോ കുട്ടിയുടെയും ആത്മവിശ്വാസം വർധിപ്പിക്കാനും സാധിക്കും. പുസ്‌തകങ്ങൾക്ക് പിന്നാലെ സ്‌കൂൾ കുട്ടികൾക്കായുള്ള സൗജന്യ യൂണിഫോം വിതരണവും നേരത്തെ തുടങ്ങും. ഹാൻടെക്‌സിന്റെ കൈത്തറി തുണിയാണ് യൂണിഫോമിനായി എത്തിക്കുക. സർക്കാർ, എയ്ഡഡ് മേഖലയിലെ എൽപി, യുപി സ്കൂ‌ളുകളിലെ കുട്ടികൾക്കാണ് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home