ചുഴറ്റിയെറിഞ്ഞ് കാറ്റ്, കുണ്ടവും അടുവേനിയും വിറച്ചു

ചെറുവത്തൂർ
ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ ക്ലായിക്കോട് വില്ലേജിലെ കുണ്ടം–- കടന്തക്കോട്, അടുവേനി മേഖലയിൽ വ്യാപക നാശം. ശനി രാത്രി 8.40നാണ് നാലുമിനിറ്റ് നീണ്ട ചുഴലി ആഞ്ഞുവീശിയത്. പരടിൽ മുതൽ വെള്ളാട്ട് വരെ മൂന്നരകിലോമീറ്റർ പരിധിയിൽ കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ കൂറ്റൻ മരങ്ങളടക്കം കടപുഴകി. കുണ്ടത്തിലും അടുവേനിയിലുമാണ് വ്യാപകമായി നാശമുണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി തൂണുകളും തകർന്നതിനാൽ വൈദ്യുതി ബന്ധം നിലച്ചു. കുണ്ടത്തിലെ കെ വി മുകുന്ദന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പൂർണമായും അടർത്തിയെടുത്ത് അരകിലോമീറ്റർ അകലെ പതിച്ചു. വള്ളിയോട്ട് ഗോപാലന്റെ പശുത്തൊഴുത്ത് പൂർണമായും തകർന്നു. കെ അജയന്റെ വീട്ടിന് മുകളിൽ മരംവീണു. കെ ശശിയുടെ വീട്ടിനുമുന്നിലെ ഷീറ്റ് തകർന്നു. സതീശൻ, ഉഷ, സുകന്യ, ഗണേഷ് എന്നിവരുടെ വീടിന് മുകളിലും മരംവീണു. ഉഷയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. അടുവേനിയിലെ പി ദിലീപിന്റെ പുതിയ വീടിന്റെ നൂറോളം ഓടുകളും പി രാജീവന്റെ നിരവധി ഫലവൃക്ഷങ്ങളും നശിച്ചു. ശനി രാത്രിയും ഞായർ പുലർച്ചെയും സിപിഐ എം ഡിവൈഎഫ് പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.









0 comments