ആഴങ്ങളിൽനിന്ന് തപ്പിയെടുത്തു, മത്സരത്തോണി

നീലേശ്വരം
ആവേശത്തിരയിൽ ചിറകടിച്ച് മുന്നേറാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പ്രതീക്ഷകൾ തകർത്ത് ആഴങ്ങളിലേക്ക് മുങ്ങിപ്പോയ മത്സരത്തോണി വ്യാഴാഴ്‌ച കരയ്ക്കെത്തിച്ചു. ഓണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ വള്ളംകളി മത്സരങ്ങളിൽ പങ്കെടുക്കേണ്ട തോണിയാണ് മത്സരത്തിനുമുമ്പ് പുഴയിൽ മുങ്ങിയത്. മുങ്ങൽ വിഗ്ധരും സ്കൂബ ടീമും മുങ്ങി തപ്പിയിട്ടും വീണ്ടെടുക്കാനാവാത്ത വള്ളം ഒരാഴ്ച കഴിഞ്ഞ് റെഡ്സ്റ്റാർ പാലായിയുടെ താരങ്ങൾ മുങ്ങിത്തപ്പിയെടുക്കുകയായിരുന്നു. ആലപ്പുഴയിൽനിന്ന് കൊണ്ടുവന്നഫൈബർ വള്ളമാണ് പാലായി ഷട്ടർ കം ബ്രിഡ്ജിന് സമീപത്ത് ഞായറാഴ്ച പരിശീലത്തിനിടെ തേജസ്വിനിയുടെ ആഴങ്ങളിൽ മുങ്ങിയത്. അരലക്ഷത്തോളം രൂപ ചെലവഴിച്ച് എത്തിച്ച വള്ളമാണ് അടിയൊഴുക്കിൽപ്പെട്ട് മുങ്ങിയത്. തുഴച്ചിലുകാർ നീന്തി കരയിൽ കയറിയെങ്കിലും പ്രതീക്ഷകൾ തകർത്ത് വള്ളംമുങ്ങി. അഗ്നിരക്ഷാ സേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റെഡ്സ്റ്റാറിന്റെ തുഴച്ചിലുകാരും നാട്ടുകാരും വ്യാഴം വെെകിട്ട് മുങ്ങിത്തപ്പിയപ്പോഴാണ് തോണി കിട്ടിയത്.









0 comments