മാസം എട്ടായി; എന്നുതീരും പാര്‍ക്കിങ് ഏരിയയുടെ പണി

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഏരിയയുടെ നിർമാണ ജോലി പാതിവഴിയിലായ നിലയിൽ. പണി തീരാത്ത സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ടതുംകാണാം
ടി കെ പ്രഭാകരകുമാര്‍
Published on Jan 29, 2025, 03:00 AM | 1 min read
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് ഏരിയയുടെ നിർമാണജോലികൾ പാതിവഴിയിൽ. സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന ഭാഗത്തുള്ള വാഹന പാർക്കിങ് സ്ഥലത്തിന് സമീപത്ത് നിർമാണ പ്രവൃത്തി ആരംഭിച്ചത് എട്ടുമാസംമുമ്പാണ്. സ്റ്റേഷനിലേക്ക് യാത്രക്കാരുമായി വരുന്ന സ്വകാര്യ വാഹനങ്ങൾക്കും ഓട്ടോകൾക്കും നിർത്തിയിടാനുള്ള സ്ഥലം അപര്യാപ്തമായതിനാലാണ് സമീപം കൂടുതൽ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുക്കിയത്. എന്നാൽ ഇവിടെ ജില്ലി ഇറക്കി വച്ചതല്ലാതെ മറ്റ് ജോലികളൊന്നും നടക്കുന്നില്ല. കുറച്ചുഭാഗം ജില്ലികൾ നിരത്തിയിട്ടുണ്ട്. ടൈൽസ് പാകൽ അടക്കമുള്ള പ്രവൃത്തികൾ പാതിവഴിയിലാണ്. പണി പൂർത്തിയാകാത്ത സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടാനും തുടങ്ങിയിട്ടുണ്ട്. മറന്നോ മേൽനടപ്പാലം അതിനിടെ വികസനത്തിനുവേണ്ടി 20 കോടിയിലധികം രൂപയുടെ പദ്ധതികൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്ന് നടപ്പിലാകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്റ്റേഷന്റെ വടക്കുഭാഗത്ത് മേൽനടപ്പാലം നിർമിക്കാൻ റെയിൽവേ അനുമതി നൽകിയിട്ട് ഏഴുവർഷത്തിലധികമായി. ഇതിന്റെ ടെൻഡർ വിളിച്ചെങ്കിലും കോവിഡിന്റെയും ലോക്ഡൗണിന്റെയും പേരിൽ നിർത്തിവച്ചു. പിന്നീട് കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് റദ്ദാക്കുകയുംചെയ്തു. മേൽനടപ്പാലത്തിന്റെ കാര്യം റെയിൽവേ മറന്നിരിക്കെയാണ്. കഴിഞ്ഞ സെപ്തംബർ 14ന് രാത്രി സ്റ്റേഷന്റെ വടക്കുഭാഗത്ത് പാളം മുറിച്ചുകടക്കുമ്പോൾ കോട്ടയം സ്വദേശിനികളായ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതോടെ മേൽനടപ്പാലം എന്ന ആവശ്യം വീണ്ടുമുയരുകയും റെയിൽവേ ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ച് നടപ്പാലം പ്രവൃത്തി മൂന്നുമാസത്തിനകം ആരംഭിക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ നാലുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇപ്പോൾ മേൽനടപ്പാലത്തിന് 5.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായാണ് അറിയിച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷനൽ ഓഫീസ് തയ്യാറാക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിന് കൈമാറിയെന്നാണ് വിവരം. എന്നാൽ ഇതിന്റെ ഫയൽ മുന്നോട്ട് പോകാനും തുക പാസാകാനും കടമ്പ ഏറെയുണ്ട്. എസ്റ്റിമേറ്റും അനുബന്ധ രേഖകളും ന്യൂഡൽഹിയിലെ റെയിൽവേ ബോർഡിന് സമർപ്പിക്കേണ്ടതുണ്ട്. ഇവിടെ നിന്നും നടപടിക്രമം പൂർത്തിയാക്കി എന്ന് സമർപ്പിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇനി എന്നെങ്കിലും സമർപ്പിച്ചാൽ റെയിൽവെ ബോർഡിന്റെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്. എസ്കലേറ്ററോടുകൂടിയ മേൽനടപ്പാലത്തിന് പുറമെ പാർക്കിങ് ഏരിയാ വികസനം, സ്റ്റേഷൻ റോഡ് നവീകരണം, ഡ്രെയിനേജ് സംവിധാനം, പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര എന്നിവയ്ക്കായി 9.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഡിവിഷനൽ ഓഫീസ് സമർപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.









0 comments