ചുഴലിക്കാറ്റിൽ 
നീലേശ്വരത്ത് വ്യാപക നാശം

നീലേശ്വരം കോട്ടപ്പുറം റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി തൂൺ
വെബ് ഡെസ്ക്

Published on Jun 16, 2025, 03:00 AM | 1 min read

നീലേശ്വരം

കനത്ത മഴയോടൊപ്പം വീശിയ ചുഴലിക്കാറ്റിൽ നീലേശ്വരത്ത് വ്യാപക നാശനഷ്ടം. ഞായറാഴ്ച പുലർച്ചെയാണ്‌ കാറ്റുവീശീയത്‌. കോട്ടപ്പുറം അച്ചാംതുരുത്തി റോഡിൽ നിരവധി വൈദ്യുതി തൂണുകൾ പൊട്ടിവീണു. പുലച്ചെയായതിനാൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കോട്ടപ്പുറം, ആനച്ചാൽ, മന്നംപുറം പ്രദേശങ്ങളിലാണ് കാറ്റ്‌ വീശിയത്. മന്നംപുറം - ദേശീയപാത റോഡിൽ മരം പൊട്ടി വീണ് ഗതാഗതം നിലച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. അഗ്നിരക്ഷാസേന, പൊലീസ്, കെഎസ്‌ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർ റഫീഖ് കോട്ടപ്പുറം, പി മോഹനൻ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ചു. നീലേശ്വരം വില്ലേജിൽ എട്ടു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കിളിയളം - ബാനം റോഡിൽ വരഞ്ഞൂരിൽ മണ്ണിടിഞ്ഞ് വീണു. എ രാധാമണിയുടെ വീട് അപകടഭീഷണിയിലായി. സമീപത്തെ തെങ്ങും മരങ്ങളും കടപുഴകുമെന്ന നിലയിലാണ്. മടിക്കൈ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തലയത്ത്, പള്ളത്തുവയൽ, മടുപ്പ, മൂലയിപ്പള്ളി, കണിച്ചിറ, ആലയി, മണക്കടവ്, കക്കാട്ട്, തീയ്യർപ്പലം പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. 20 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും തൊട്ടടുത്ത വീടുകളിലേക്കും മാറി. ജലനിരപ്പ് കൂടിയാൽ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത പറഞ്ഞു . പൂത്തക്കാൽ ചാളക്കടവ് റോഡിലെ മണക്കടവ് ക്രോസ് ക്രോസ് ബാറും പൂത്തക്കാൽ എരിക്കുളം റോഡിലെ ചാർത്താങ്കൽ ക്രോസ് ബാറും മണക്കടവ് കോസ് ബാർ കം ബ്രിഡ്ജും വെള്ളത്തിൽ മുങ്ങി. മടിക്കൈ മാടം - കാര്യക്കുന്ന് റോഡ് ചമ്മട്ടംവയൽ -മടിക്കൈ കുറ്റിക്കാൽ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുണ്ടറ അങ്കണവാടിക്ക് സമീപം മണ്ണിടിഞ്ഞു. വ്യാപക കൃഷി നാശവുമുണ്ടായി. തേജസ്വിനി പുഴ കരകവിഞ്ഞതോടെ പാലായി പ്രദേശം വെള്ളത്തിനടിയിലായി. നിരവധി വീടുകളിൽ നിന്നും ആൾക്കാരെ മാറ്റി പാർപ്പിച്ചു. പാലായി സ്കൂൾ, അങ്കണവാടി, പാലായി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി.



deshabhimani section

Related News

View More
0 comments
Sort by

Home