സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് നാളെ തുടക്കം
ഉയരാം നമുക്കൊത്തുചേർന്ന്


സ്വന്തം ലേഖകൻ
Published on Oct 01, 2025, 02:00 AM | 1 min read
കാഞ്ഞങ്ങാട്
എല്ലാ മനുഷ്യരെയും വേർതിരിവുകളില്ലാതെ ചേർത്തുപിടിച്ച് പുരോഗതിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യവുമായി സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് ഗാന്ധിജയന്തി ദിനത്തിൽ കാഞ്ഞങ്ങാട്ട് തുടക്കം. വിദ്യാഭ്യാസ, -ആരോഗ്യ,- തൊഴിൽ മേഖലയ്‌ക്ക് മുൻഗണന നൽകുന്ന ഈ വർഷത്തെ പക്ഷാചരണം പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ 15 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം വ്യാഴം പകൽ 12 ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഒ ആർ കേളു അധ്യക്ഷനാവും. ഡിസംബർ 31നകം 500 പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന വിജ്ഞാനകേരളം ആക്ഷൻ പ്ലാൻ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ ഉറപ്പാക്കിയ പഞ്ചായത്തുകൾക്ക് ഗോത്ര സമൃദ്ധി പുരസ്കാര വിതരണവും എല്ലാ പട്ടികവർഗ വിഭാഗങ്ങൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന എബിസിഡി പദ്ധതിയുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവുമുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയാകും. 2000 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, ആർഡി ബിനു ജോസഫ്, ജില്ലാ പട്ടിക വർഗ വികസന ഓഫീസർ ബി സി അയ്യപ്പൻ, അസി. ട്രൈബൽ ഓഫീസർ കെ വി രാഘവൻ, അസി. പട്ടികജാതി വികസന ഓഫീസർ പി മിനി, മഞ്ചേശ്വരം പട്ടികജാതി വികസന ഓഫീസർ തിരുമലേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ പങ്കെടുത്തു.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം
പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് ഉന്നതിയിലേക്കെത്തിക്കാനാണ് സാമൂഹ്യ ഐക്യാദാർഢ്യ പക്ഷാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിലൂടെ സമൂഹത്തിൽ പരസ്‌പര വിശ്വാസവും സൗഹൃദവും ഉറപ്പിക്കാമെന്ന ദർശനമാണ് പക്ഷാചരണത്തിന്റെ അടിസ്ഥാനശില.









0 comments