ചുറ്റിത്തിരിയണ്ട കെഎസ്ആർടിസി റെഡി

കെഎസ്ആര്‍ടിസി സര്‍വീസ്
വെബ് ഡെസ്ക്

Published on Sep 19, 2025, 03:00 AM | 2 min read

മടിക്കൈ കാഞ്ഞങ്ങാട് നിന്ന് മലയോര മേഖലയിലേക്കുള്ള ചുറ്റിത്തിരിഞ്ഞുള്ള യാത്രയ്ക്ക് പരിഹാരമാകുന്നു. വെള്ളിമുതൽ കാഞ്ഞങ്ങാടുനിന്ന് മടിക്കൈ–തായന്നൂര്‍ വഴി പരപ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങും. ജില്ല ആശുപത്രി വഴിയാണ് സർവീസ്‌. ഉച്ചയ്ക്ക് 2.10ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് 3.30ന് പരപ്പയിലെത്തും. അലാമിപ്പള്ളി (2.15), ജില്ലാ ആശുപത്രി (2.20), അമ്പലത്തുകര (2.30), കാഞ്ഞിരപ്പൊയിൽ (2.45), എണ്ണപ്പാറ (2.55), തായന്നൂർ (3.00), അടുക്കം (3.10) എന്ന ക്രമത്തിലും, തിരികെ 3.35ന് പരപ്പയിൽനിന്ന് പുറപ്പെടുന്ന ബസ് 4.55ന് കാഞ്ഞങ്ങാടെത്തും. അടുക്കം (3.55, തായന്നൂർ (4.05), കാഞ്ഞിരപ്പൊയിൽ (4.20), ജില്ലാ ആശുപത്രി (4.45) എന്നിങ്ങനെയുമാണ് സമയക്രമം. നിലവിൽ കൊന്നക്കാട് നിന്ന് പരപ്പ –-മടിക്കൈ റൂട്ടിൽ ഒരു സ്വകാര്യ ബസ് രാവിലെ നഗരത്തിലേക്കും വൈകിട്ട്‌ തിരിച്ചും മാത്രമേ സർവീസ് നടത്തുന്നുള്ളൂ. പുതിയ സര്‍വീസ് വരുന്നതോടെ മടിക്കൈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും എണ്ണപ്പാറ, അടുക്കം ഭാഗത്തുള്ളവർക്കും പരപ്പയിലേക്ക് എളുപ്പത്തിലെത്തി മലയോരത്തെ വിവിധ ഭാഗങ്ങളിലേക്ക് പോകാനാകും. വൈകീട്ട് സ്കൂൾ സമയത്ത് നഗരത്തിലേക്ക് മടങ്ങുന്നത് ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ചെമ്മട്ടംവയൽ–കാലിച്ചാനടുക്കം റോഡ് മെക്കാഡം ചെയ്ത് നവീകരിച്ചിട്ടും റൂട്ടിൽ ബസ് ഇല്ലാത്തതിനെതിരെ പരാതി ഉയർന്നിരുന്നു.സ്വകാര്യ വ്യക്തികൾക്ക് പെർമിറ്റ് അനുവദിച്ചാലും സർവീസ് നടത്താനുള്ള സമയം തീരുമാനിക്കുന്നത് എളുപ്പമായിരുന്നില്ല. മറ്റ് ബസുടമകളുടെ സംഘടിതമായ എതിർപ്പാണ് തടസമാകുന്നത്. ആനക്കുഴി ഭാഗത്തെ യാത്രക്കാർ ഏഴാംമൈൽ വഴി കാഞ്ഞങ്ങാടേക്ക് 35 രൂപ യാത്രാ നിരക്ക് നൽകുമ്പോൾ മടിക്കൈ വഴി 23 മതിയാകും(കെഎസ്ആര്‍ടിസിക്ക് ഒരു സ്റ്റേജ് വ്യത്യാസമുണ്ടാകും). തായന്നൂർ, എണ്ണപ്പാറയിൽ നിന്നും എട്ടുരൂപ കുറവാണ്. ഇതോടെ യാത്രക്കാർ നഷ്ടമാകുമെന്ന ചിന്തയാണ് എതിർപ്പിന് കാരണം. തായന്നൂർ–അടുക്കം, അടുക്കം -–പരപ്പ റൂട്ടിലും പകൽനേരം മണിക്കൂറുകളോളം ബസ് ഓടാത്ത സമയവുമുണ്ട്. ഇത്തരത്തിൽ നാല് വ്യത്യസ്‌ത റൂട്ടുകളെയാണ് കെഎസ്ആർടിസി ബന്ധിപ്പിച്ച് ഓടുന്നത്. മലയോരത്തുള്ളവർക്ക് ജില്ലാ ആശുപത്രിയിലേക്ക് എളുപ്പത്തിലെത്താൻ കെഎസ്ആർടിസി ഈ റൂട്ടിൽ ഓരോ മണിക്കൂർ ഇടവേളയിൽ സർവീസ് തുടങ്ങണമെന്നാണ് ആവശ്യം.


സമയവും പണവും ലാഭം കാഞ്ഞങ്ങാട് നിന്ന് മലയോരത്തേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചത് സ്വാഗതാർഹവും സന്തോഷകരവുമാണ്. വളഞ്ഞ് ചുറ്റിയുള്ള യാത്ര ഒഴിവാക്കാം എന്നതിലുപരി സമയവും പണവും കൂടി ലാഭിക്കാം. ഉച്ചയ്ക്കും വൈകിട്ടും ഉള്ള ട്രിപ്പുകൾ ജില്ല ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനപ്പെടും. കൂടുതൽ സർവ്വീസുകൾ ആരംഭിച്ചാൽ മലയോരത്തെ യാത്രക്കാർക്ക് അനുഗ്രഹമാകും. രാവിലെയും വൈകിട്ടും ബസുകൾ വന്നാൽ ഉദ്യോഗസ്ഥർക്കും ഗുണമാവും. ഗീത ബാലകൃഷ്ണൻ മൈത്തടം പെരിയ ബി എഫ് എച്ച് സി ജീവനക്കാരി ​കൂടുതൽ സർവീസ്‌ വേണം പരപ്പയിലേക്ക് പുതിയ റൂട്ട് അനുവദിച്ചതിൽ ഏറെ സന്തോഷമുണ്ട്. വൈകിട്ട് 3 35 ന് പരപ്പയിൽ നിന്ന് തിരിച്ചു വരുന്ന ട്രിപ്പ് സ്കൂൾ കുട്ടികൾക്കും, ഉദ്യോഗസ്ഥർക്കും, ജില്ലാ ആശുപത്രിയിലേക്കെത്തേണ്ടുന്ന രോഗി കൂട്ടിരിപ്പുകാർക്കും ഉപകാരപ്പെടും. റൂട്ടിൽ കൂടുതൽ സർവീസുകൾ കൂടി ആരംഭിക്കണം. ​ഇ ജയലളിത, അധ്യാപിക കാഞ്ഞിരപ്പൊയിൽ ജി എച്ച് എസ്,



deshabhimani section

Related News

View More
0 comments
Sort by

Home