‘പച്ചത്തെയ്യം’ സ്‌ക്രീനിൽ ഉറഞ്ഞാടി; ആരവത്തിൽ പ്രേക്ഷകർ

കാഞ്ഞങ്ങാട്
തിയറ്റർ തിങ്ങിനിറഞ്ഞപ്പോൾ നിലത്തിരുന്നും നിന്നും സിനിമ കാണുന്ന പ്രേക്ഷകർ. നിറഞ്ഞ ആരവങ്ങൾക്കൊപ്പം ജില്ലാ പഞ്ചായത്ത് നിർമിച്ച കുട്ടികളുടെ സിനിമ ‘പച്ചത്തെയ്യം’ പ്രിവ്യു പ്രദർനത്തിൽതന്നെ ഏറ്റെടുത്ത് നാട്. ‘പച്ചത്തെയ്യം’ ശനി രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ദീപ്തിയിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞവർ രാവിലെ ഏഴര മുതൽ തിയറ്ററിലെത്തി. ഒരു മണിക്കൂറും 40 മിനിറ്റുമുള്ള സിനിമയുടെ ഓരോ സീനും പ്രേക്ഷകരുടെ മനസ് നിറച്ചു. കുട്ടികളുടേത് മാത്രമല്ല ഇത് മുതിർന്നവരുടെ കൂടെ സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളെ എങ്ങനെ വളർത്തിക്കൂടെന്നതിനും കുട്ടികൾ വീടുകളിൽ ഒറ്റപ്പെടുമ്പോൾ അവർ എന്തായി തീരുമെന്നതിനും സാക്ഷ്യം പറയുന്നു പ്രമേയം. ഗെയിമറുടെ നിർദ്ദേശമനുസരിച്ച് പെരുമാറുന്ന കുട്ടി സ്വബോധത്തിലല്ലാതാകുന്നു. നിഷ്കളങ്കരായ കുട്ടികളെ പല വേഷങ്ങളിൽ വന്ന് ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രമേയമാണ് ചിത്രത്തിൽ. ആദ്യ പ്രദർശനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻ എസ് എൻ സരിത, ഡിഡിഇ ടി വി മധുസൂദനൻ, സംവിധായകൻ ഗോപി കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. അഭിനയിച്ച 19 കുട്ടികളും രക്ഷിതാക്കളും സിനിമ കാണാനെത്തി. സിനിമ സെൻസർ ചെയ്തശേഷം കൂടുതൽ ആളുകളിലേക്കെത്തിക്കുമെന്നും സ്കൂളുകളിൽ പ്രദർശിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.









0 comments