ചന്ദ്രഗിരി ജങ്‌ഷനിലെ സിഗ്നൽ തകരാർ

കേടായതോ കേടാക്കിയതോ

കാസർകോട്‌ എംജി റോഡിൽ ചന്ദ്രഗിരി ജങ്‌ഷനിലെ പുത്തൻ സിഗ്നൽ സംവിധാനം തകരാറായതിനെ തുടർന്ന്‌ 
ട്രാഫിക്‌ പൊലീസുകാർ ഗതാഗതം നിയന്ത്രിക്കുന്നു

കാസർകോട്‌ എംജി റോഡിൽ ചന്ദ്രഗിരി ജങ്‌ഷനിലെ പുത്തൻ സിഗ്നൽ സംവിധാനം തകരാറായതിനെ തുടർന്ന്‌ 
ട്രാഫിക്‌ പൊലീസുകാർ ഗതാഗതം നിയന്ത്രിക്കുന്നു

avatar
കെ സി ലൈജുമോൻ

Published on Sep 26, 2025, 02:45 AM | 1 min read

കാസർകോട്‌

എംജി റോഡിൽ ചന്ദ്രഗിരി ജങ്‌ഷനിൽ 40 ലക്ഷം "ചിലവിട്ട്‌' നഗരസഭ സ്ഥാപിച്ച എഐ സിഗ്നൽ തകരാറിലായി. ഇതിന്റെ തകരാറിലായതോ കേടാക്കിയതോയെന്ന സംശയത്തിലാണ്‌ ഓട്ടോഡ്രൈവർമാരും നാട്ടുകാരും. കെൽട്രോണാണ്‌ സിഗ്നലും എഐ സംവിധാനത്തോടെയുള്ള ക്യാമറയും സ്ഥാപിച്ചത്‌. ഇതിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്തിരിക്കുന്നത്‌ നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരന്റെ ബിനാമിയായിട്ടുള്ള "ഗ്രാഫോൺ ഇന്നവേറ്റീവ്‌ ഡിജിറ്റൽ സൊലൂഷൻ' എന്ന ഏജൻസിയാണെന്നതാണ്‌ ഇത്‌ തകരാറിലാക്കിയതാണൊയെന്ന സംശയത്തിനിടയാക്കിയത്‌. ഓരോ അറ്റകുറ്റപ്പണിക്കും നഗരസഭാ ഫണ്ടിൽനിന്നും വൻ തുക കൈപ്പറ്റാനാകുന്ന വിധത്തിലാണ്‌ ഇതുസംബന്ധിച്ച കരാർ ഉറപ്പിച്ചിട്ടുള്ളത്‌. അതിനാൽതന്നെ ഇ‍ൗ സിഗ്നൽ സംവിധാനത്തിന് മാസന്തോറും "തകരാർ' സംഭവിക്കാനിടയുണ്ടെന്ന്‌ നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. നഗരസഭയുടെ കീഴിലുള്ള ഡിജിറ്റൽ പരസ്യബോർഡുകളെല്ലാം കരാറെടുത്തിരിക്കുന്നത്‌ ഇ‍ൗ ഉദ്യോഗസ്ഥന്റെ ബിനാമി കന്പനിയാണ്‌. കുറഞ്ഞ തുകയ്‌ക്ക്‌ കരാർ നൽകിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ്‌ നഗരസഭയ്‌ക്കുള്ളത്‌. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ ബസ്‌സ്‌റ്റാൻഡ്‌ കെട്ടിട സമുച്ചയത്തിൽ യാത്രക്കാരെ കയറ്റാൻ ബസുകൾ നിർത്തുന്ന ഭാഗത്ത്‌ പരസ്യ ബോർഡുകൾ സ്ഥാപിച്ചതിൽ മാത്രം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ്‌ നഗരസഭയ്‌ക്കുണ്ടായത്‌. ഇതിന്റെയും കരാർ ഇ‍ൗ ഉദ്യോഗസ്ഥന്റെ ബിനാമിക്കാണ്‌ ലഭിച്ചത്‌. നഗരഭരണക്കാരും ചില ഉദ്യോഗസ്ഥരുംകൂടി നഗരസഭയ്‌ക്ക്‌ ലഭിക്കേണ്ട വൻ തുകയുടെ വരുമാനമാണ്‌ ഇല്ലാതാക്കുന്നത്‌. ഇതുസംബന്ധിച്ചുള്ള പരാതിയിൽ വിജിലൻസ്‌ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌. അതിനിടയ്‌ക്കാണ്‌ ചന്ദ്രഗിരി ജങ്‌ഷനിലെ പുത്തൻ സിഗ്നൽ തകരാറായത്‌. ഇതുമായി ബന്ധപ്പെട്ടും സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ട്രാഫിക് പരിഷ്കരണത്തിന്റെ പേരിൽ ജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റുന്ന പ്രവണതയാണ്‌ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home