യുവാവ് റിമാൻഡിൽ വീട്ടിൽ നിത്യസന്ദർശകനായെത്തി സ്വർണവും പണവും കവർന്നു

തളിപ്പറന്പ് ബന്ധുവീട്ടിൽ നിത്യസന്ദർശകനായെത്തി ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. പന്നിയൂർ കോട്ടക്കീൽ ചപ്പന്റകത്ത് പടയൻകുന്ന് ബി എം സുബിറിനെ(42)യാണ് സിഐ പി ബാബുമോൻ അറസ്റ്റ് ചെയ്‌തത്. പന്നിയൂർ എഎൽപി സ്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടിൽ സി റഷീദയുടെ വീട്ടിൽനിന്ന് പതിമൂന്നര പവൻ സ്വർണവും 27,000 രൂപയും കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. സ്വർണത്തിന് 12.42 ലക്ഷം രൂപയാണ് കണക്കാക്കിയത്. കർണാടക കുന്താപുരം സ്വദേശിയായ സുബിർ പന്നിയൂരിലാണ് വിവാഹം കഴിച്ചതാണ്. റഷീദയുടെ സഹോദരി ഭർത്താവാണ് സുബിർ. ഒക്ടോബർ 17നും നവംബർ രണ്ടിനും ഇടയിലുള്ള ദിവസമാണ് കവർച്ച നടന്നത്. കഴിഞ്ഞ രണ്ടിന് വീട്ടുകാർ അലമാര തുറന്നപ്പോഴാണ് സ്വർണാഭരണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. റഷീദയുടെ ഭർത്താവ് ബി മുസ്‌തഫ രോഗബാധിതനായി കിടപ്പിലാണ്. അദേഹത്തെ പരിചരിക്കാനും സുബിർ വീട്ടിലെത്താറുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സുബിറിന്റെ മൊബൈൽ ഫോൺെ പരിശോധിച്ചതിൽനിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി, എസ്ഐമാരായ ജെയ്‌മോൻ ജോർജ്, ഹസ്ബർ ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.









0 comments