Deshabhimani

കഥകളിലെ ജാനകി, 
കഥ പറഞ്ഞ്‌ തിളങ്ങി

പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച കഥാ ശിൽപശാലയിൽ പങ്കെടുത്തവർ ‘ജാനകി ഉണ്ടാക്കിയ 
കഥകളി’ലെ കഥാപാത്രം ജാനകിക്കൊപ്പം നാലകത്ത്  ഒത്തുചേർന്നപ്പോൾ
avatar
രാജേഷ്‌ മാങ്ങാട്‌

Published on May 18, 2025, 03:00 AM | 1 min read

തച്ചങ്ങാട്‌

‘‘ഇതല്ലേ നമ്മളെ ജാനകി, ബാലവാടിയിലേയ്‌ക്ക്‌ പോവുന്നതിനുപകരം തൊഴിലുറപ്പിനുപോവാമെന്നു പറഞ്ഞ ജാനകി. വെള്ളയപ്പത്തിനെ ഗര്‍ഭിണിയായ ദോശയെന്ന്‌ പറഞ്ഞ ജാനകി. കുളിമുറിയിലെ ഉറുമ്പുകള്‍ക്ക്‌ കുളിക്കാന്‍ സമയം അനുവദിച്ച ജാനകി. തോട്ടിലെ വെള്ളത്തെ അക്വേറിയമാക്കിയ ജാനകി’’ –- നിരഞ്‌ജന ഇത്‌ കൂട്ടുകാരോട്‌ ഉറക്കെപ്പറഞ്ഞപ്പോൾ എല്ലാവർക്കും പെരുത്ത സന്തോഷം. കഥാകൃത്ത്‌ പി വി ഷാജികുമാറിന്റെ ബാലസാഹിത്യ കൃതിയായ ‘ജാനകി ഉണ്ടാക്കിയ കഥകളി’ലെ പ്രധാന കഥാപാത്രത്തിന്‌ പ്രചോദനമായ ഷാജികുമാറിന്റെ ജ്യേഷ്‌ഠന്റെ മകൾ ഷനയ ജാനകിയാണ്‌ അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല, ജില്ലാ ശിശു സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നാലകത്ത് സംഘടിപ്പിച്ച കഥാ ശിൽപശാലയിൽ കഥപറഞ്ഞ്‌ തിളങ്ങിയത്‌. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങൾ എങ്ങനെയാണ് സ്വന്തം പാപ്പൻ കഥാരൂപത്തിൽ പുസ്തകമാക്കിയതെന്ന് കുട്ടികൾക്ക് മുന്നിൽ ജാനകി പറഞ്ഞത് കൗതുകകരമായി. കഥയിലെ കഥാപാത്രത്തെ നേരിട്ട് കാണാനും സംവദിക്കാനും കഴിഞ്ഞത് കുട്ടികൾക്ക്‌ പുത്തൻ അനുഭവമായി. ബഷീറിന്റെ കഥകളിലെ കഥാപാത്രങ്ങൾ പോലെ, കഥാകൃത്തിനപ്പുറം വായനക്കാരുടെ മനസിൽ ഇടംനേടിയ കഥാപത്രമായി ജാനകി തങ്ങളുടെ മനസിൽ ചേക്കേറിയ പ്രിയപ്പെട്ടവളാണെന്ന് കുട്ടികൾ പറഞ്ഞത് വേദിയെ ആവേശകരമാക്കി. ഷനയ എന്നത് ഷനയ ജാനകിയായതും ഇന്ന് ജാനകിയായി മാത്രം അറിയപ്പെടുന്നതും ആദ്യകാലത്ത് ഇഷ്ടമില്ലായിരുന്ന ജാനകി എന്ന പേര് ഇപ്പോൾ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയതിന്റെയുമൊക്കെ നുറുങ്ങുകൾ ജാനകി പങ്കുവച്ചു. സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് നിർമ്മൽ കുമാർ കാടകം ശിൽപശാല ഉദ്ഘാടനംചെയ്തു. എ വി ശിവപ്രസാദ് അധ്യക്ഷനായി. ഷൈജിത് കരുവാക്കോട് പുസ്തകം പരിചയപ്പെടുത്തി. സുഭാഷ് വനശ്രീ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. എൻ കെ മനോജ് സ്വാഗതവും കെ ബേബി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home