കാലവർഷം

തദ്ദേശ സ്ഥാപനങ്ങളിൽ 
ദുരന്ത നിവാരണ പദ്ധതി തയ്യാർ

കടലിൽ അപകടത്തിൽപ്പെട്ടതെന്ന് കരുതുന്ന മീൻപിടിത്ത ബോട്ട് വലിയപറമ്പ് കടപ്പുറത്ത് നാട്ടുകാരും കോസ്റ്റൽ പൊലീസുംചേർന്ന് കരയിലേക്ക് കയറ്റുന്നു
വെബ് ഡെസ്ക്

Published on May 25, 2025, 03:00 AM | 1 min read

കാസർകോട്‌

കാലവർഷത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ദുരന്ത നിവാരണ പദ്ധതി തയ്യാറായി. 148 ഇടങ്ങളിൽ അവശ്യഘട്ടത്തിൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളായെന്ന്‌ കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കാലവർഷം എട്ടുദിവസം നേരത്തെ ആരംഭിച്ചിരിക്കുകയാണെന്നും ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ വലിയ ജാഗ്രത ആവശ്യമാണെന്ന്‌ കലക്ടർ പറഞ്ഞു. എൻ‌ഡി‌ആർ‌എഫ് സംഘം ഞായർ പുലർച്ചെ ജില്ലയിലെത്തും. മാറ്റിപാർപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റിൽ കുട്ടികൾ, ഗർഭിണികൾ, വയോജനങ്ങൾ എന്നിവർക്ക് മുൻഗണന നൽകുമെന്നും കലക്ടർ പറഞ്ഞു.ദേശീയപാതയിൽ വെള്ളക്കെട്ടും അതിനോട് അനുബന്ധിച്ചുള്ള അസൗകര്യങ്ങളും ലഘൂകരിച്ച് പരിഹാരം കാണുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും റവന്യൂ ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനം നടത്തുന്നുവെന്നും കലക്ടർ പറഞ്ഞു. ബേവിഞ്ച, വീരമല, 
മട്ടലായിക്കുന്നുകൾ 
ഹോട് സ്പോട് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടായ ബേവിഞ്ച, ദേശീയപാതയിൽ അപകട സാധ്യതയുള്ള മറ്റ് പ്രദേശങ്ങളായ വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് കൃത്യസമയത്ത് തന്നെ തുറക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള വലിയപറമ്പ പോലുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്‌. അപകട സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടങ്ങളിലെ അപകട ഭീഷണി ലഘൂകരിക്കാനാവശ്യമായ പ്രവർത്തനം നടത്തും. പഞ്ചായത്ത് തലത്തിൽ എമർജൻസി റെസ്‌പോൺസ് ടീമിന് ആവശ്യമായ പരിശീലനംനൽകും. പഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. വുഡ് കട്ടർ, ജെസിബി, ബോട്ട്, ആംബുലൻസ്, മുങ്ങൽ, നീന്തൽ വിദഗ്ധർ എന്നിവ ഉറപ്പാക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. അപകട സാധ്യതയുള്ള ക്വാറികൾ, ട്രക്കിങ് പ്രവൃത്തികൾ തുടങ്ങിയവയുടെ പ്രവർത്തനം നിർത്തിവയ്ക്കും. തൊഴിലുറപ്പ് പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കണം. സ്കൂളുകളിലെ 
സുരക്ഷ ഉറപ്പാക്കും സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളും പരിസരവും പാതയോരങ്ങളും അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണം. എഡിഎം, തഹസിൽദാർമാർ എന്നിവരാണ് കാലവർഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നത്. എഡിഎം പി അഖിൽ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, വിവിധ പഞ്ചായത്തുപ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home