കരുതലായി, കനിവായി സ്‌നേഹവീടൊരുങ്ങി

പിലിക്കോട്
കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്ന് പാട്ടിന്റെ പാലാഴി തീർത്തതിനെക്കുറിച്ച് കവി പാടിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ് വളണ്ടിയർമാർ പാഴ്‌വസ്‌തുക്കൾ വാരിക്കൂട്ടി സമാഹിരിച്ച തുക കൊണ്ട് നിർധന കുടുംബത്തിന് വീടൊരുക്കിയിരിക്കുകയാണ്. പിലിക്കോട് വയലിലെ കെ വി ബിന്ദുവിനും രോഗബാധിതയായ അമ്മ കമലാക്ഷിക്കുമാണ് വീട് നിർമിച്ചുനൽകിയത്. ജില്ലയിലെ 61 യൂണിറ്റുകളിലെ വളണ്ടിയർമാർ സ്ക്രാപ്പ് ചലഞ്ച്, ഭക്ഷ്യമേളകൾ, ഉൽപന്ന നിർമാണം, - വിപണനം എന്നിവ നടത്തി സമാഹരിച്ച അഞ്ചു ലക്ഷംരൂപയും മറ്റു സഹായ പദ്ധതികളും ചേർത്താണ് വീട് നിർമാണം പൂർത്തീകരിച്ചത്. എം രാജഗോപാലൻ താക്കോൽ കൈമാറി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി അധ്യക്ഷയായി. ഉത്തരമേഖല റീജിയണൽ പ്രോഗ്രാം കൺവീനർ വി ഹരിദാസ് റിപ്പോർട്ടവതരിപ്പിച്ചു. കെ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എം വി സുജാത, ഹയർസെക്കൻഡറി അസി. കോഡിനേറ്റർ പി മോഹനൻ, എ രതീഷ്കുമാർ, എൻ വി സന്ദീപ്കുമാർ, കെ സുമേശൻ, പ്രിൻസിപ്പൽമാരായ എ രത്നാവതി, കെ ജയചന്ദ്രൻ, സംഘാടകസമിതി ചെയർമാൻ പി സുധാകരൻ, ഹയർസെക്കൻഡറി എൻഎസ്‌എസ് വിഭാഗം ജില്ലാ കൺവീനർ കെ എൻ മനോജ് കുമാർ, പ്രോഗ്രാം ഓഫീസർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.









0 comments