ഒരുമിച്ചുതുഴഞ്ഞു ഒന്നാമതെത്തി

കെ വി രഞ്‌ജിത്
Published on Nov 10, 2025, 03:00 AM | 4 min read
കാസർകോട് ‘ലോകമേ തറവാട് തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍’ വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥൻ’ എന്ന പ്രശസ്‌ത കവിതയിലെ ആദ്യവരിപോലെ ഒരു പൂവുമുതൽ ആമ വരെ, കുള്ളൻ പശുമുതൽ ബേഡകം തെങ്ങുവരെ, പിഞ്ചുകുഞ്ഞുമുതൽ വയോജനങ്ങൾ വരെ... എല്ലാവരെയും ചേർത്തുപിടിച്ച കരുതലിനൊപ്പം നാടിന്റെ സമഗ്രവികസനം നടപ്പാക്കി മിക്കമേഖലകളിലും സംസ്ഥാനത്ത് ഒന്നാമതെത്തിയാണ് വടക്കേയറ്റത്തെ ജില്ലാ പഞ്ചായത്ത് മികവ് തെളിയിച്ചത്. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വികസനത്തിനും സാമൂഹികനീതിക്കുമുള്ള വികസന പദ്ധതി സമഗ്ര ആസൂത്രണത്തിലൂടെ രൂപീകരിച്ച് ഫലപ്രദവും കാര്യക്ഷമവുമായി നടപ്പാക്കിയപ്പോൾ ജില്ലാ പഞ്ചായത്തിന് ലഭിച്ച ഏഴ് പുരസ്‌കാരങ്ങൾ മതി എപ്പോഴും എല്ലാരെയും ചേർത്തുപിടിച്ചതിന് തെളിവ്. മികച്ച ആസൂത്രണമാണ് പ്രവർത്തനത്തിന്റെ കാതൽ. സമൂഹത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിച്ച് ലഭ്യമായ വിഭവങ്ങളുമായി സംയോജിപ്പിച്ച് ന്യായവും സുതാര്യവുമായ രീതിയിൽ തയ്യാറാക്കി വിവേചനമില്ലാതെ നടപ്പാക്കിയതിന്റെ തെളിവുകളേറെ. ആസൂത്രണം, നിർവഹണം: നന്പർ 1 2024– -25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ 87.95 ശതമാനം പൂർത്തീകരിച്ച തദ്ദേശ സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത്. മുൻ സാന്പത്തിക വർഷങ്ങളിലും ആദ്യ മൂന്നുസ്ഥാനങ്ങളിലൊന്ന് കാസർകോടിനായിരുന്നു. ബജറ്റ് തുകയായ 40 കോടി 67 ലക്ഷം രൂപയിൽ 35 കോടി 77 ലക്ഷം രൂപ പദ്ധതികൾക്കായി ചിലവഴിച്ചു. സേവനം, പശ്ചാത്തലം, ഉൽപാദന മേഖലകളിലെ പദ്ധതികൾ വൈവിധ്യപൂർണമായി നടപ്പാക്കി. വെെവിധ്യത്തെ ചേർത്തുപിടിച്ച കരുതൽ ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് സംരക്ഷണം ഉറപ്പുവരുത്തിയ ജില്ലാ പഞ്ചായത്തിന് നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 ലെ ഏറ്റവും മികച്ച ബിഎംസിക്കുള്ള (ജൈവ പരിപാലന സമിതി) പുരസ്‌കാരം, യുആർഎഫിന്റെ ആഗോള പുരസ്‌കാരം എന്നിവയാണ് ലഭിച്ചത്. കാഞ്ഞിരം ജില്ലാവൃക്ഷമായും പെരിയ പോളത്താളി പുഷ്പമായും വെള്ളവയറൻ കടൽപരുന്തിനെ പക്ഷിയായും പാലപ്പൂവൻ ഭീമനാമയെ മൃഗമായും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി ഒരു ജില്ലാപഞ്ചായത്ത് സ്വന്തം മൃഗവും വൃക്ഷവും പക്ഷിയും പുഷ്‌പവും പ്രഖ്യാപിച്ചു. വിദേശത്തുനിന്നും ഈ പരിസ്ഥിതി ഇടപെടലിന്റെ പേരിൽ അഭിനന്ദനം ലഭിച്ചു. യുഎൻ ദുരന്തനിവാരണ സമിതി തലവൻ മുരളി തുമ്മാരുകുടി സമൂഹമാധ്യമങ്ങളിൽ കാര്യം വിവരിച്ചത് വൈറലുമായി. ജാഗ്രതയോടെ കരുതൽ സംസ്ഥാന വനിതാ കമീഷന്റെ പ്രഥമ ജാഗ്രതാ സമിതി പുരസ്‌കാരവും കാസർകോടിനായിരുന്നു. ജാഗ്രതാസമിതികളുടെ പ്രവർത്തനഫലമായി പരാതികളുടെ എണ്ണം പരമാവധി കുറച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പ്രശ്‌നങ്ങൾ സമയബന്ധിതമായി തീർക്കാനായി. വ്യാവസായിക മേളകൾ, നിക്ഷേപക സംഗമം, വിനോദ സഞ്ചാര വികസന പദ്ധതികൾ എന്നിവയും ജില്ലാപഞ്ചായത്ത് ഭരണസമിതി നടത്തിയ ശ്രദ്ധേയകാര്യങ്ങളിൽ ചിലതുമാത്രം. സ്ത്രീ ശാക്തീകരണത്തിനായി വിവിധ ഇടങ്ങളിൽ ഷീ ജിമ്മുകളും സ്ഥാപിച്ചു. പഞ്ചായത്തുകളുമായി സഹകരിച്ച് ചിൽഡ്രൻസ് പാർക്കുകളും. പേവിഷബാധ നിയന്ത്രണത്തിന് 1.5 കോടി ചിലവിൽ എബിസി കേന്ദ്രം നിർമിച്ചു.വിവിധ സ്കൂളുകളിൽ ഒന്ന്, രണ്ട് ക്ലാസുകൾ സ്മാർട്ട് ക്ലാസ് മുറികളാക്കി. ജില്ലാ പഞ്ചായത്ത് പ്രധാന റോഡുകൾ മെക്കാഡം ടാർ ചെയ്‌തു. ഗ്രാമീണ റോഡുകൾക്കായി 6.5 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. കാർഷിക മേഖലയിൽ നെല്ലുൽപാദനം വർദ്ധിപ്പിക്കാൻ 25 ലക്ഷം രൂപയും വിവിധ ഫാമുകൾക്കായി ഒരു കോടി രൂപയും ചിലവഴിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലയിലെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് പദ്ധതിയും നടപ്പാക്കി. ഭിന്നശേഷി മേഖലയിലും നിരവധി ഇടപെടൽ നടത്തി. എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകി. ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനവും ഇലക്‌ട്രോണിക്ക വീൽചെയറും ഹിയറിങ് എയ്‌ഡും കൃത്രിമ കാലുമുൾപ്പെടുയുള്ള എല്ലാ ഉപകരണങ്ങളും നൽകി. കാഴ്‌ച വൈകല്യമുള്ളവർക്കും തൊഴിൽ പരിശീലനം നൽകി. കുട്ടികൾക്കായി ആദ്യമായി സിനിമ നിർമിച്ച ജില്ലാ പഞ്ചായത്താണിത്. 467 കിലോമീറ്ററിൽ 128 റോഡുകൾക്കായി 117 കോടി രൂപയും ചെലവഴിച്ചു. നെല്ലുൽപാദനം വർധിപ്പിക്കാനായി 1. 77 കോടി രൂപയും ചിലവഴിച്ചു. ആരോഗ്യമുള്ള കാസർകോട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിവിധ വിഭാഗങ്ങളിലായി 18 കോടിയിലധികം ചെലവഴിച്ചു. കാത്ത് ലാബിന് മരുന്നുവാങ്ങാൻ 1.5 കോടിയും അർബുദ പ്രതിരോധ പ്രവർത്തനത്തിന് മരുന്നുവാങ്ങാൻ രണ്ടുകോടിയും കെട്ടിട നവീകരണത്തിനുമടക്കമാണിത്. ആശുപത്രിയിൽ ജെറിയാട്രിക് വാർഡും സ്ഥാപിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 1.2 കോടിയും ഡയാലിസിസിന് 1.5 കോടിയും അനുവദിച്ചു. ഡിജി ബ്രിഗേഡ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ എല്ലാ സാധാരണക്കാർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയും നടപ്പാക്കി. വൈദ്യുതി ബില്ല് അടയ്ക്കൽ, ഫോൺ റീ ചാർജ്, ഇൻഷുറൻസ് പ്രീമിയം അടവ്, ബാങ്ക് വായ്പാ അടവ്. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ, ഹോട്ടൽ മുറി ബുക്കിങ് തുടങ്ങി സ്മാർട്ട് ഫോണിലൂടെ നിമിഷങ്ങൾക്കുള്ളിൽ ചെയ്തുതീർക്കാവുന്ന കാര്യങ്ങൾ സാധാരണക്കാരെ പഠിപ്പിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ. ഫോണിൽ ചെയ്ത് തീർക്കാവുന്ന കാര്യങ്ങൾക്കായി നേരിട്ട് സ്ഥാപനങ്ങളിൽ പോയി സമയം നഷ്ടപ്പെടുത്തുന്നത് ഇല്ലാതാക്കാനായി. വ്യവസായ കുതിപ്പ് ജില്ലയുടെ വ്യവസായ കുതിപ്പിന് ഊർജമാകാൻ ആഗോള നിക്ഷേപകരെ പങ്കാളികളാക്കി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച റൈസിങ് കാസർകോട് നിക്ഷേപക സംഗമത്തിലൂടെ നിരവധി വൻകിട, ചെറുകിട വ്യവസായികൾ ജില്ലയിലെ വ്യവസായ പാർക്കുകളിൽ സംരംഭങ്ങൾ തുടങ്ങി. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ വിജയിച്ചുനിൽക്കുന്ന കാസർകോട് സ്വദേശികളായവരെയും നിലവിൽ ജില്ലയിലുള്ളവരും ഇവിടെ നിക്ഷേപം തുടങ്ങാനെത്തി. ഇതോടെ സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച രണ്ടാമത്തെ ജില്ലയെന്ന ബഹുമതിയുമെത്തി. വനിതാ നിക്ഷേപകർക്കായി പ്രത്യേക സംഗമവും കാഞ്ഞങ്ങാട് സംഘടിപ്പിച്ചു. സ്‌കില്ലിലാണ് കാര്യം, 52 പേർക്ക് ഉടൻ നിയമനം പുതിയകാലം ആവശ്യപ്പെടുന്ന പുതിയശേഷികളും നൈപുണ്യങ്ങളും തിരിച്ചറിഞ്ഞ് ജില്ലാപഞ്ചായത്തും പട്ടികജാതി– പട്ടികവർഗ വികസന വകുപ്പും നടപ്പാക്കിയ പദ്ധതിയിലൂടെ ജോലി നേടിയത് 52 വിദ്യാർഥികൾ. തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കിയ സിഎൻസി ടേണിങ് ആൻഡ് വെർട്ടിക്കൽ മില്ലിങ് മെഷീൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കാണ് നിയമന ഉത്തരവ് ലഭിച്ചത്. പദ്ധതിയിൽ പരിശീലനം, യാത്ര, മറ്റുചിലവുകൾ, പോസ്‌റ്റ് പ്ലേസ്‌മെന്റ് ഉൾപ്പെടെ എല്ലാം സൗജന്യമായിരുന്നു. വിജയത്തിളക്കം മികച്ച കെട്ടിടങ്ങളും അത്യാധുനിക ലാബുകളും ലൈബ്രറികളുമൊരുക്കി ജില്ലയിലെ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി. സോളാർ വൈദ്യുതിയുമെത്തിച്ചു. എല്ലാ സ്‌കൂളിലും വൃത്തിയുള്ള ശുചിമുറികളു-മൊരുക്കി. ഇതിലൂടെ എസ്‌എസ്‌എൽസി, പ്ലസ്‌ടു വിജയ ശതമാനവും ഉയർത്താനായി. ജലസുരക്ഷ രാജ്യത്താദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാപഞ്ചായത്താണ് കാസർകോട്. തദ്ദേശ സ്ഥാപനങ്ങളുടെ ജലത്തിന്റെ അളവും ജല ആവശ്യവും പൊരുത്തപ്പെടുത്തി പത്തുവർഷത്തെ ജലലഭ്യത പരിഗണിച്ചായിരുന്നു ബജറ്റ് തയ്യാറാക്കിയത്. ഹരിത കേരള മിഷൻ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കി. എല്ലാ വിദ്യാലയങ്ങളിലും സോളാർ വെൈദ്യുതിയുമായി. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ഫണ്ടുപയോഗിച്ച് ഉൗർജ ഓഡിറ്റും നടത്തുന്നു. തുടർപഠനത്തിന് ‘ദർപ്പണം’ സാമ്പത്തിക -സാമൂഹിക കാരണങ്ങളാൽ പഠനം ഉപേക്ഷിക്കേണ്ടിവന്നിട്ടും ബിരുദവും ജോലിയും സ്വപ്നം കാണുന്ന സ്‌ത്രീകളുടെ തുടർപഠനത്തിനായി ‘ദർപ്പണം' പദ്ധതി നടപ്പാക്കി. പ്ലസ്‌ടുവിനുശേഷം പല കാരണങ്ങളാൽ പഠനം മുടങ്ങിയ 45 വരെയുള്ള വനിതകൾക്ക് ബിരുദം പൂർത്തിയാക്കാനുള്ള അവസരമാണൊരുക്കിയത്. ബിരുദപഠനത്തോടൊപ്പം പഠിതാക്കളുടെ നൈപുണ്യ വികസനത്തിനുകൂടി പ്രാധാന്യം നൽകുന്നതായിരുന്നു പദ്ധതി.
ഒന്നാണ് നമ്മൾ
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമവും എൽഡിഎഫ് ഭരണസമിതിയുടെ മികവാർന്ന പ്രവർത്തനങ്ങളും കാസർകോടിനെ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താക്കി. ഒന്നിലും പിന്നിലല്ല നമ്മുടെ നാട് എല്ലാത്തിലും മുന്നിലാണ് എന്ന് തെളിയിക്കാനായി. ഇതിനായി നിർവഹണ ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവർത്തിച്ചു. സമയബന്ധിതമായി യോഗങ്ങൾ വിളിച്ചുചേർത്തും പദ്ധതി നടപടിക്രമം പൂർത്തീകരിച്ചുമാണ് മുന്നോട്ടുപോയത്. നവീനമായ ആശയങ്ങൾ വിജയകരമായി നടപ്പാക്കാനായി. രാജ്യത്ത് ആദ്യമായാണ് തനത് സ്‌പീഷീസ് പ്രഖ്യാപനം നടത്തിയത്. ജില്ലാ വൈവിധ്യ പരിപാലനസമിതിയും നവകേരള മിഷൻ പ്രവർത്തകരും ജില്ലാ ഭരണസംവിധാനവും ജില്ലയിലെ എംഎൽഎമാരും പ്രവർത്തനങ്ങൾക്ക് സഹകരിച്ചു. പി ബേബി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
ജൈത്രയാത്ര തുടരും
ആർക്കും പരാതിയില്ലാത്ത വിധം പ്രവർത്തിക്കാനായത് ഭരണസമിതിയുടെ കൂട്ടായ വിജയമാണ്. എണ്ണിയാൽ തീരാത്ത വികസന പ്രവർത്തനങ്ങളാണ് ഭരണസമിതി നടത്തിയത്. എല്ലാം നവീന ആശയങ്ങളെ പിൻപറ്റി. സംസ്ഥാന സർക്കാരിന്റെ നവകേരളമിഷന്റെ ലക്ഷ്യങ്ങളെ വിജയത്തിലെത്തിക്കാൻ എല്ലാ മേഖലകളിലും ഇടപെടാനായി. കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ കാസർകോട് പിന്നിലല്ല ഒന്നാമതാണ് എന്ന് തെളിയിക്കാനായി. ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്









0 comments