സിബിഐ ചമഞ്ഞ് വാട്‌സ് ആപ്പിൽ ഭീഷണി
ദമ്പതികളുടെ അക്കൗണ്ടുകളില്‍നിന്ന് രണ്ടരക്കോടി തട്ടിയെടുത്തു


സ്വന്തം ലേഖകൻ
Published on Aug 25, 2025, 02:00 AM | 2 min read
കാഞ്ഞങ്ങാട്
സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി റിട്ട. അധ്യാപകന്റെയും ഡോക്ടറായ ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മിനഗറിലെ റിട്ട. പ്രധാനാധ്യാപകന്‍ വിഷ്ണു എമ്പ്രാന്തിരി, ഭാര്യയും ഹോമിയോ ഡോക്ടറുമായ കെ പി പ്രസന്നകുമാരി എന്നിവരുടെ പണമാണ് നഷ്ടമായത്. ദമ്പതികള്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി. ആഗസ്ത് എട്ടിന് മുംബൈയില്‍നിന്ന് സിബിഐ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പ്രസന്നകുമാരിയെ വാട്സ് ആപ് വഴി പൊലീസ് യൂണിഫോമിട്ടയാൾ വിളിച്ചു. ഇയാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതിനിടെ മലയാളം പരിഭാഷയും കേട്ടു. എന്നാല്‍ പരിഭാഷകനെ കണ്ടിരുന്നില്ല. പ്രസന്നകുമാരിയുടെ കാനറാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് 2022 മുതല്‍ 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്ന് അറിയിച്ചു. അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് പറഞ്ഞപ്പോള്‍ പ്രസന്നകുമാരിയുടെ ആധാര്‍ കാര്‍ഡിന്റെ പകർപ്പ് വീഡിയോ കോളിനൊപ്പം കാണിച്ചു. ഇതോടെ ദമ്പതികള്‍ക്ക് വിശ്വാസമായി. തുടര്‍ന്നാണ് തട്ടിപ്പിന് തുടക്കമിട്ടത്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് അക്കൗണ്ടിലേക്ക് 20 ലക്ഷം വന്നതെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും സിബിഐ ചമഞ്ഞയാള്‍ ഭീഷണിമുഴക്കി. വയോധികരായതിനാല്‍ നേരിട്ടുവരേണ്ടെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പറഞ്ഞ ഇയാൾ അക്കൗണ്ട് പരിശോധിക്കണമെന്നും കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള കത്ത് നല്‍കണമെന്നും വ്യക്തമാക്കി. ആശയവിനിമയം വാട്സ് ആപ്പിലൂടെയായിരിക്കുമെന്നും മറ്റാരോടും വിവരങ്ങള്‍ പങ്കുവയ്‌ക്കരുതെന്നും അന്വേഷണം നടക്കുന്നതിനാല്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും അറിയിച്ചതോടെ ദമ്പതികള്‍ ഭയന്നു. അക്കൗണ്ട് പരിശോധനക്ക് ബാങ്കില്‍ എത്ര തുകയുടെ നിക്ഷേപമുണ്ടെന്നതടക്കമുള്ള വിവരങ്ങളും ദമ്പതികള്‍ നല്‍കി. അക്കൗണ്ട് പരിശോധനക്ക് ആര്‍ടിജിഎസ് വഴി പണമയക്കാനാവശ്യപ്പെട്ടതോടെ പല തവണകളായി പണം അയച്ചുകൊടുത്തു. ഇങ്ങനെയാണ് രണ്ടരക്കോടിയോളം തുക നഷ്ടമായതെന്ന് വിഷ്ണു എമ്പ്രാന്തിരി സൈബർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
വിശ്വസിപ്പിക്കാൻ സുപ്രീംകോടതി വിധിയുടെ വ്യാജ ഉത്തരവും
മുംബൈയില്‍നിന്നുള്ള സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞയാളാണ് പ്രസന്നകുമാരിയടക്കം 247 പേരെ കള്ളപ്പണക്കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് അറിയിച്ചത്. കേസില്‍ നരേഷ് ഗോയല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നും ഇയാള്‍ പറഞ്ഞു. കോടതിയില്‍ നല്‍കാന്‍ കത്തെഴുതി രണ്ടുപേരുടെയും ഫോട്ടോ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ദമ്പതികള്‍ ഫോട്ടോയും കത്തുമയച്ചു. പിന്നീട് പല നമ്പറുകളില്‍നിന്നും വാട്സ് ആപ് കോള്‍ വന്നു. അക്കൗണ്ട് വ്യക്തത വരുത്താനെന്നായിരുന്നു സന്ദേശം. പിന്നീട് ഇരുവരുടെയും മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും തുകയും ആവശ്യപ്പെട്ടു. അക്കൗണ്ടുകളിലെ പണം അയച്ചുകൊടുക്കാന്‍ സുപ്രീംകോടതിയുടെ വിധിയാണെന്ന് സൂചിപ്പിക്കുന്ന വ്യാജകത്തും ദമ്പതികള്‍ക്ക് വാട്സ് ആപ്പില്‍ ലഭിച്ചു. ഹൊസ്ദുര്‍ഗ് കോ ഓപ്പറേറ്റീവ് ബാങ്കിലെയും ഹൊസ്ദുര്‍ഗ് കോപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലെയും അക്കൗണ്ട് വിവരങ്ങള്‍ ദമ്പതികള്‍ കൈമാറി. അക്കൗണ്ടുകളിലുള്ള തുക വെരിഫൈ ചെയ്യാന്‍ ആര്‍ടിജിഎസ് വഴി അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാനാവശ്യപ്പെട്ടു. ഇതോടെ രണ്ട് ബാങ്കുകളിലെയും അക്കൗണ്ടുകള്‍ പുതിയകോട്ടയിലെ കര്‍ണാടക ബാങ്കിലേക്ക് മാറ്റി. ഇതോടെ ഫോണ്‍ വിളിച്ചവരുടെ നിര്‍ദേശപ്രകാരം കര്‍ണാടക ബാങ്കില്‍ നിന്നും പണം ഐസിഐസിഐ, മസ്കോട്ട് മാനേജ്മെന്റ് സൊല്യൂഷന്‍സ്, യെസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക് തുടങ്ങിയവയിലേക്ക് ദമ്പതികള്‍ അയക്കുകയായിരുന്നു.









0 comments