സഹകരണത്തനിമയിൽ വെളിച്ചമായി ‘തനി’ വെളിച്ചെണ്ണ

കെ വി രഞ്‌ജിത്
Published on Aug 28, 2025, 03:00 AM | 1 min read
ചീമേനി
പച്ചതേങ്ങ പിഴിഞ്ഞെടുത്ത പാൽ ഓട്ടുരുളിയിൽ വറ്റിച്ചുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണയ്‌ക്ക് എല്ലാവരുടെ മനസിൽ ഓർമകളുടെ സുഗന്ധമുണ്ട്. എന്നാൽ ഇത് പിന്തുടർന്ന് ആധുനിക പ്ലാന്റിൽനിന്ന് പച്ചത്തേങ്ങ ഉപയോഗിച്ച് തനി നാടൻ തനിമയിൽ വെളിച്ചെണ്ണ ലഭിക്കുന്നതിനാൽ തിമിരി സർവീസ് സഹകരണ ബാങ്കിന്റെ ചെമ്പ്രകാനത്തെ നാളികേര സംസ്കരണ കേന്ദ്രത്തിൽ ഇപ്പോൾ വൻ തിരക്കാണ്. പുറമേ നിന്ന് കൊപ്ര വാങ്ങാതെയാണ് ചെമ്പ്രകാനത്തെ ഫാക്ടറിയിലെ വെളിച്ചെണ്ണ നിർമാണം. കർഷകരിൽനിന്ന് പച്ചത്തേങ്ങ വാങ്ങി നേരിട്ട് ഉപയോഗിക്കുന്നതുമൂലം വെളിച്ചെണ്ണയിൽ സൾഫറിന്റെ സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നു. പാക്കറ്റുകളിലും കുപ്പികളിലും വെളിച്ചെണ്ണ നൽകുന്നുണ്ട്. 50 തേങ്ങയുള്ള കർഷകർക്കും 5,000 തേങ്ങയുള്ളവർക്കും പൊതിച്ച തേങ്ങായുമായി ഏതുസമയത്തും ഇവിടേക്കുവരാം. തിരികെ പോകുമ്പോൾ ചില്ലറ വിൽപനശാലയിൽനിന്ന് ഉന്നതനിലവാരമുള്ള വെളിച്ചെണ്ണയുമായി വീട്ടിലേക്ക് പോകാം. ‘‘ബാങ്കിന് ലാഭമല്ല പ്രധാനം, കർഷകർക്ക് നല്ലവില കിട്ടണം, ഉപഭോക്താക്കൾ ശുദ്ധമായ വെളിച്ചെണ്ണയും. അതേയുള്ളൂ’’– ബാങ്ക് പ്രസിഡന്റ് ടി ശശിധരന്റെ വാക്കുകളിലുണ്ട് ആത്മവിശ്വാസവും പ്രതീക്ഷയും. തേങ്ങാപ്പാൽ, തേങ്ങാപ്പാൽ ക്രീം, വിർജിൻ കോക്കനട്ട് ഓയിൽ, ബേബി മസാജ് ഓയിൽ, കോക്കനട്ട് ചിപ്സ്, ചിരകിയ തേങ്ങ, അരച്ച തേങ്ങ എന്നിവയും ഉൽപാദിപ്പിക്കാനുള്ള പദ്ധതി ബാങ്കിനുണ്ട്. പച്ചത്തേങ്ങ കിലോക്ക് 62 രൂപയ്‌ക്കാണ് കർഷകരിൽനിന്ന് വാങ്ങുന്നത്. പ്രതിദിനം 15,000 തേങ്ങ സംസ്‌കരിച്ച് 1500 ലിറ്റർ വെളിച്ചെണ്ണയാക്കാനുള്ള ശേഷി ഫാക്ടറിയിലെ പ്ലാന്റിനുണ്ട്. കോൾഡ് പ്രോസസ് രീതിയില്‍ തയാറാക്കുന്ന വിർജിൻ കോക്കനട്ട് ഓയിലാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് ബാങ്ക് സെക്രട്ടി കെ വി സുരേഷ് കുമാർ പറഞ്ഞു. ഉദ്‌ഘാടനം കഴിഞ്ഞ് ഒരുവർഷമാകുമ്പേഴേക്കും ‘തനി’ വെളിച്ചെണ്ണ ജനകീയമായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവാഹസദ്യയിലും തനിയാണ് ഉപയോഗിക്കുന്നത്. വിദേശത്തും ഡിമാൻഡുണ്ട്. നിലവിൽ കയ്യൂർ– ചീമേനി, പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിലെ ഓണക്കിറ്റുകളിലെ പ്രധാന ഇനമാണിത്. ഉൽപാദിപ്പിക്കുന്ന മുഴുവൻ വെളിച്ചെണ്ണയും പ്ലാന്റിൽത്തന്നെ വിറ്റഴിയുന്നുവെന്ന് പ്ലാന്റിന്റെ ചുമതലയുള്ള ബാങ്ക് മാനേജർ ഒ പി ലങ്കേഷ് പറഞ്ഞു. നബാർഡ്, കേരളബാങ്ക് സഹായത്തോടെയാണ് മൂന്നുകോടിയുടെ പദ്ധതി നടപ്പാക്കിയത്. നിലവിൽ പത്തു ജീവനക്കാരാണ് ഫാക്ടറിയിലുള്ളത്. കൂടുതൽ പേർക്ക് തൊഴിൽ നൽകി പ്ലാന്റ് വിപുലീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.









0 comments