വിരുന്നെത്തി വില്ലനായവരെ പറഞ്ഞയക്കും

വിരുന്നെത്തി വില്ലനായ അധിനിവേശക്കാർക്ക്‌ തടയിടാൻ ഹരിത കേരള മിഷൻ പദ്ധതി വരുന്നു. തദ്ദേശ സസ്യങ്ങളുടെ വളർച്ച മുരടിപ്പിക്കുന്ന അധിനിവേശസസ്യങ്ങളെ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ കണ്ടെത്തി നശിപ്പിക്കും.
വെബ് ഡെസ്ക്

Published on May 23, 2025, 03:00 AM | 1 min read


കാസർകോട്‌

വിരുന്നെത്തി വില്ലനായ അധിനിവേശക്കാർക്ക്‌ തടയിടാൻ ഹരിത കേരള മിഷൻ പദ്ധതി വരുന്നു. തദ്ദേശ സസ്യങ്ങളുടെ വളർച്ച മുരടിപ്പിക്കുന്ന അധിനിവേശസസ്യങ്ങളെ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ കണ്ടെത്തി നശിപ്പിക്കും. തനത്‌ ജെെവ ആവാസ വ്യവസ്ഥക്ക്‌ അനുയോജ്യമായ സസ്യങ്ങൾ പകരം നട്ടുപിടിപ്പിക്കും. ജൂൺ ഒന്നുമുതൽ ജില്ലയിലാകെ ഒരുലക്ഷം തെെകൾ നടും. ആഗസ്ത് 31ന് പ്രവർത്തനം പൂർത്തിയാകും. ഹരിത കേരളം മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യവനവൽക്കരണ വിഭാഗം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി. അധിനിവേശ സസ്യങ്ങളെ പരിചയപ്പെടുത്തി അവയെ ഒഴിവാക്കും. അക്കേഷ്യ, യൂക്കാലിപ്റ്റ്സ് തുടങ്ങിയ വൃക്ഷങ്ങൾ, കൊങ്ങിണിപ്പൂവ് (ലന്റാന കാമറ), ധൃതരാഷ്ട്രപ്പച്ച (മൈക്കേനിയ മൈക്രാന്ത), ആനത്തൊട്ടാവാടി (മൈമോസ ഡിപ്ലോട്രിക്ക), കമ്യൂണിസ്റ്റ് പച്ച (ക്രോമലീന ഒഡോറേറ്റ), കോൺഗ്രസ് പച്ച (പാർത്തീനിയം ഹിസ്റ്റിറൊഫോറസ്), പാവാടപ്പൂവ് (ഐപ്പോമിയ കൈറിക്ക), തോട്ടപ്പയർ (മ്യൂക്യൂണ ബ്രാക്ടിയേറ്റ), മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) എന്നിവയാണ്‌ ഒഴിവാക്കുന്ന പട്ടികയിൽ. പ്ലാവ്, മാവ് തുടങ്ങി ആവാസ വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന പതിനായിരം തെെകൾ ഒരോ പഞ്ചായത്തിലും നഗരസഭകളിലും നട്ടുപിടിപ്പിക്കും. ജില്ലയിൽ രണ്ടരലക്ഷം തെെകൾ നടുമെന്നും ഇവ സംരക്ഷിക്കുമെന്നും നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ബാലകൃഷ്ണൻ പറഞ്ഞു. കുട്ടിക്കൊരു കുഞ്ഞിൻതൈ ജൂൺ മാസത്തിൽ എല്ലാ സ്കൂളുകളിലും വിദ്യാർഥികൾ തങ്ങളുടെ വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച തെെകൾ പരസ്പരം കെെമാറുന്ന ‘കുട്ടിക്കൊരു കുഞ്ഞിത്തൈ’ പദ്ധതി തുടങ്ങും. ഒന്നാം ക്ലാസിൽ ചേരുന്ന ദിവസം തൈ നട്ട്‌ പഠനം പൂർത്തിയാക്കും വരെ പരിപാലിക്കും. വരുന്നു, ഹരിത വീഥി ദേശീയ പാതക വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ തൈകൾ നട്ടുപിടിപ്പിക്കാനുള്ള ഫണ്ട്‌ ദേശീയപാത അതോറിറ്റി സാമൂഹ്യ വനവൽക്കരണ വിഭാഗത്തിനും കലക്ടർക്കും അനുവദിച്ചിട്ടുണ്ട്‌. ഇതുപയോഗപ്പെടുത്തി ദേശീയ പാതയ്‌ക്കിരുവശവും കാസർകോട്‌–- കാഞ്ഞങ്ങാട്‌ സംസ്ഥാന പാതയിലും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും പ്രത്യേക ഇടങ്ങളിൽ ഓർമത്തുരുത്തും പച്ചത്തുരുത്തും നിർമിക്കും. എല്ലാ വീടുകളിലും മരണാനന്തരച്ചടങ്ങിന്റെ ഭാഗമായി ഓർമ മരം നടുന്ന പദ്ധതിയും നടപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home