അന്വേഷണമികവിന്റെ അഞ്ചുവർഷം
സൈബർ പവറിൽ കാസർകോട് പൊലീസ്


അതുൽ ബ്ലാത്തൂർ
Published on Jun 07, 2025, 03:00 AM | 1 min read
കാസർകോട്
ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതികവിദ്യയും വിദഗ്‌ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കാസർകോട് സൈബർ പൊലീസ് അഞ്ചുവർഷത്തിനിടെ പിടികൂടിയത് 98 സൈബർ തട്ടിപ്പ് കേസിലെ പ്രതികളെ. 2020 ലാണ് സംസ്ഥാന സർക്കാർ 15 സൈബർ പൊലീസ് സ്‌റ്റേഷനുകൾ അനുവദിച്ചത്. നിലവിലുള്ള സൈബർ സെല്ലുകൾ ഈ പൊലീസ് സ്‌റ്റേഷനുകളിലേക്ക് ലയിപ്പിച്ചു. 2020 നവംബർ ഒന്നിനാണ് കാസർകോട് സൈബർ പൊലീസ് സ്‌റ്റേഷൻ ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ്, ട്രേഡിങ്, ജോലിതട്ടിപ്പ്, എടിഎം കാർഡുപയോഗിച്ചുള്ള തട്ടിപ്പ്, ഗിഫ്‌റ്റ് ഫ്രോഡ്, ഹാക്കിങ് എന്നിവയായിരുന്നു കാസർകോട്ട് രജിസ്റ്റർ ചെയ്‌ത പ്രധാനകേസുകൾ. രജിസ്റ്റർചെയ്‌തവയിൽ കൂടുതലും സാമ്പത്തികകേസുകൾ–- 61 എണ്ണം. 2021 ഫെബ്രുവരി മൂന്നിനായിരുന്നു ആദ്യ എഫ്‌ഐആർ. 60 കേസിൽ അന്വേഷണം പൂർത്തിയാക്കി തുടർനടപടി സ്വീകരിച്ചു. 21 പ്രതികളെ അറസ്റ്റുചെയ്‌തു. കഴിഞ്ഞവർഷം ജൂൺ എട്ടിനായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കേസ് വന്നത്. രണ്ടുകോടി രൂപയുടെ തട്ടിപ്പ് രജിസ്റ്റർചെയ്‌ത് ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം എട്ട് കേസ് രജിസ്റ്റർചെയ്‌തു. ഇതിൽ അഞ്ചും സാമ്പത്തികത്തട്ടിപ്പ്. മൂന്നുകേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പയ്യന്നൂരിൽനിന്ന് മുങ്ങി ഉദുമയിൽ ജീവകാരുണ്യപ്രവർത്തനവും ഓൺലൈൻ സർവീസും നടത്തി തട്ടിപ്പ് തുടർന്ന പ്രതിയെ പിടികൂടിയതും ഇയാളുടെ കൂട്ടാളിയായ രാജസ്ഥാൻ സ്വദേശിയെ ഒമ്പതുദിവസത്തെ ദൗത്യത്തിനൊടുവിൽ രാജസ്ഥാനിൽനിന്ന് സാഹസികമായി പിടിച്ചതും കാസർകോട്ടെ സൈബർ പൊലീസിന്റെ അന്വേഷണമികവിന് തെളിവാണ്. സബ് ഇൻസ്‌പെക്ടർമാരായ എ വി ശ്രീദാസൻ, പി രവീന്ദ്രൻ, എഎസ്‌ഐമാരായ പി കെ രഞ്ജിത്‌കുമാർ, കെ പ്രശാന്ത്, എസ്‌സിപിഒമാരായ എം ദിലീഷ്, എം നാരായണൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വംനൽകുന്നത്.
ചതിക്കുഴിയിൽ വീണാൽ
ഏതെങ്കിലുംവിധത്തിൽ സൈബർ തട്ടിപ്പിനിരയായി എന്ന് ബോധ്യപ്പെട്ടാൽ ഉടൻ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയാണ് ആദ്യപടി. നഷ്ടപ്പെട്ട പണം ഉൾപ്പെടെ തിരികെകിട്ടാൻ ഇത് സഹായകമാകും. അല്ലെങ്കിൽ എൻസിആർപി അഥവാ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർചെയ്യണം.









0 comments