മണ്ഡലം പ്രസിഡന്റ് രാജിവച്ചു ഉദുമയിലും ചെമ്മനാട്ടും പോര് തീരാതെ കോൺഗ്രസ്

ഉദുമ മഹിള നേതാവിനെ ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയായത് തൊട്ടടുത്ത വീട്ടുകാരനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറിയാതെ. പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് ശ്രീധരൻ വയലിൽ ഡിസിസി പ്രസിഡന്റിന് രാജിയും നൽകി. ഇതോടെ ഉദുമയിലും കോൺഗ്രസിൽ പോര് രൂക്ഷമായി. ചെമ്മനാട് പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിലെ പോരും നേതൃത്വത്തിന് തലവേദനയായി. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ഉദുമ പഞ്ചായത്ത് വനിതാ സഹകരണ സംഘം സെക്രട്ടറിയുമായ സുകുമാരി ശ്രീധരനെ ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത് താനറിയാതെയാണെന്നും സ്ഥാനാർഥി വീടിനു മുന്നിലൂടെ നാമനിർദേശ പത്രിക നൽകാൻ പോകുമ്പോൾ പോലും തന്നെ അറിയിച്ചില്ലെന്നും പറഞ്ഞാണ് മണ്ഡലം പ്രസിഡന്റ് രാജിവച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർടിയിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനുള്ള എട്ടംഗ കോർകമ്മിറ്റിയിലെ അംഗമാണ് സ്ഥാനാർഥി സുകുമാരി. ഉദുമ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നാല് തവണ കോർകമ്മിറ്റി കൂടി. എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു തവണപോലും കമ്മിറ്റി ചർച്ച ചെയ്തതുമില്ല. ചെമ്മനാട്ടെ ഒന്പതാം വാർഡിലെ സ്ഥാനാർഥി മറ്റൊരു വാർഡിൽ വിമതനായി പത്രിക നൽകിയതിനെത്തുടർന്ന് അവസാനഘട്ടത്തിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ നെട്ടോട്ടമോടി നേതൃത്വം. എട്ടാം വാർഡിൽ ജില്ലാ കോർകമ്മിറ്റി തീരുമാനിച്ച സ്ഥാനാർഥി അജന്ന എ പവിത്രൻ പത്രിക നൽകിയതിനു പിന്നാലെയാണ് എട്ടാം വാർഡിൽ സ്ഥാനാർഥിയായി തീരുമാനിച്ച മാധവി മുണ്ടോൾ ഒന്പതാം വാർഡായ തെക്കിൽപ്പറമ്പിൽ മത്സരിക്കാൻ പത്രിക നൽകിയത്. കോർകമ്മിറ്റി തീരുമാനം മാധവിയെ എട്ടാം വാർഡിലും അജന്നയെ ഒന്പതാം വാർഡിലും മത്സരിപ്പിക്കാനായിരുന്നു. എന്നാൽ മാധവി ഒന്പതാം വാർഡിൽ പത്രിക നൽകിയതോടെ എട്ടാംവാർഡിൽ പുതിയ സ്ഥാനാർഥിയെ മണിക്കൂറുകൾക്കകം കണ്ടെത്തേണ്ടിവന്നു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി ശാഫി കൊക്കണത്തിന്റെ മകൾ മുഫീദ സവാദിനെ സ്ഥാനാർഥിയാക്കി പത്രിക നൽകി. കോൺഗ്രസ് മത്സരിക്കുന്ന ആലിച്ചേരി, പറമ്പ, കീഴൂർ, കൊക്കാൽ വാർഡുകളിൽ വെള്ളിയാഴ്ച അവസാന മണിക്കൂറിലാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായത്.








0 comments