സന്തോഷം നിറയട്ടെ പ്ലസ്‌വണ്ണിൽ എല്ലാവർക്കും പ്രവേശനം ഉറപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2025, 03:00 AM | 2 min read

കാസർകോട്‌

എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ ഉപരിപഠനത്തിന്‌ പ്രവേശനം ഉറപ്പ്‌. കുട്ടികളുടെ തുടർപഠനത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ മുൻവർഷങ്ങളിലേതുപോലെ വിപുലമായ സംവിധാനമാണ്‌ ഇത്തവണയും ഒരുക്കിയത്‌. പ്ലസ്‌വണ്ണിൽ തന്നെ സർക്കാർ, ഏയ്‌ഡഡ്‌ സ്ഥാപനങ്ങളിലായി 19,500 സീറ്റുകൾ ജില്ലയിലുണ്ട്‌. വിഎച്ച്‌എസി വിഭാഗത്തിൽ 1600 സീറ്റുമുണ്ട്‌. ഇതുകൂടാതെ ഐടിഐ, ടിടിഐ സ്ഥാപനങ്ങളിലും ആവശ്യത്തിന് സീറ്റുണ്ട്. കഴിഞ്ഞ വർഷം പ്ലസ് വൺ ക്ലാസുകളിൽ സർക്കാർ സീറ്റ് വർധിപ്പിച്ചെങ്കിലും ആവശ്യത്തിന് കുട്ടികളില്ലാതെ നാല്‌ ഏയ്ഡഡ് സ്കൂളുകളിൽ അനുവദിച്ച ബാച്ചാണ്‌ റദ്ദായത്. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റാണ് കഴിഞ്ഞവർഷം ജില്ലയിൽ വർധിപ്പിച്ചത്. ഈ വർഷവും 30 ശതമാനം സീറ്റ്‌ വർധിപ്പിച്ചിട്ടുണ്ട്‌. മിക്കവരും നഗരപ്രദേശങ്ങളിലെ സ്കൂളുകളിലെ കോഴ്സുകളെ ആശ്രയിക്കുന്നതിനാലാണ് ചിലർ കുട്ടികൾക്ക് താൽപര്യപ്പെട്ട കോമ്പിനേഷൻ ലഭിക്കുന്നില്ലെന്ന് പറയുന്നതെന്ന് അധ്യാപകർ പറയുന്നു. സയൻസ് ബാച്ചിൽതന്നെ അനുവദനീയമായ കുട്ടികളില്ലാത്ത 20 സ്കൂളുകൾ ജില്ലയിലുണ്ട്. ഒരു സ്കൂളിൽ ഒരു കോഴ്‌സിൽ 25 കുട്ടികൾ പഠിക്കാനില്ലെങ്കിൽ തുടർവർഷങ്ങളിൽ ആ സ്കൂളിൽ ആ കോഴ്‌സ് ഇല്ലാതാകും. മൂന്നുവർഷത്തെ ശരാശരി കണക്ക് നോക്കിയാണ് സ്കൂളിൽനിന്ന് കോഴ്‌സ് ഒഴിവാക്കുക. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ജില്ലയിൽ റദ്ദായത് ഏഴ്‌ സ്കൂളുകളിൽ ഓരോ കോഴ്‌സാണ്. കേട്ടുപരിചയിച്ച കോമ്പിനേഷനിലേക്ക് തിരിയാതെ പ്ലസ് വണ്ണിന് ഇഷ്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കാം. കേരള സിലബസിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് 46 കോമ്പിനേഷനുണ്ട്‌. പ്ലസ്‌ടു പഠനത്തിന്‌ പൊതുവെ 45 കോഴ്‌സ്‌ കോഡുകളാണ്‌ ശ്രദ്ധിക്കേണ്ടത്‌. സയൻസ് ഗ്രൂപ്പിൽ ഒമ്പത്‌ വിഷയ കോമ്പിനേഷനുണ്ട്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും. കൊമേഴ്സ് താൽപ്പര്യമുള്ളവർക്ക് നാല്‌ കോമ്പിനേഷനുമുണ്ട്. മെഡിക്കൽ പ്രവേശനം മാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ്‌ ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്‌. ഏകജാലക പ്രവേശനവുമായും കരിയർ ഗൈഡൻസുമായും ബന്ധപ്പെട്ട്‌ കരിയർ ഗൈഡൻസ്‌ ആൻഡ്‌ അഡോൾസെൻസ്‌ കൗൺസിലിങ്‌ സെന്ററിന്റെയും കെഎസ്‌ടിഎ അടക്കമുള്ള സംഘടനകളുടെയും നേതൃത്വത്തിൽ മാർഗനിർദേശവും നൽകുന്നുണ്ട്‌.


ആശങ്ക വേണ്ട, എല്ലാവർക്കും സീറ്റുണ്ട്‌

എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ്‌ വൺ പ്രവേശനത്തിനുള്ള സീറ്റുകൾ ജില്ലയിലുണ്ട്‌. ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണത്തിൽ ശ്രദ്ധിക്കണം. കോമ്പിനേഷൻ അവരവുടെ താൽപര്യത്തിനനുസരിച്ച്‌ ആലോചിച്ച്‌ വേണം തെരഞ്ഞെടുക്കാൻ. ജില്ലയിൽ ഓരോ പത്തുകിലോമീറ്റർ ചുറ്റും ഹയർസെക്കൻഡറി സ്‌കൂൾ ഉള്ളതിനാൽ പ്ലസ്‌വൺ പ്രവേശനത്തിന്‌ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ല. വീട്ടിനടുത്തുള്ള സ്‌കൂളുകളിൽ ചേരാനാണ്‌ കുട്ടികൾ ശ്രദ്ധിക്കേണ്ടത്. ജില്ലയിലെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും മികച്ച പഠന സൗകര്യമാണ്‌ സർക്കാർ ഒരുക്കിയത്‌. പി മോഹനൻ ജില്ലാ അസി. കോ –- ഓഡിനേറ്റർ, ഹയർസെക്കൻഡറി



Tags
deshabhimani section

Related News

View More
0 comments
Sort by

Home